റഷ്യൻ സ്പൈഡർമാൻ എന്നറിയപ്പെടുന്ന പാവൽ ഗോഗുലാൻ സാഹസികവിനോദപ്രവർത്തനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്. കെട്ടിടങ്ങളുടെ മുകളിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുകയാണ് കക്ഷിയുടെ ഇഷ്ടവിനോദം.
കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ മെഡലിനിലുള്ള 12 നില കെട്ടിടത്തിൽ കക്ഷി ഒന്നു കയറി. സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയായിരുന്നു ഈ പ്രകടനം. കേവലം പത്തു മിനിറ്റുകൊണ്ട് കെട്ടിടത്തിനു മുകളിൽ എത്തിയപ്പോൾ പാവലിനെ കാത്ത് പോലീസുണ്ടായിരുന്നു.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അപകടകരമാംവിധത്തിൽ കെട്ടിടത്തിൽ കയറിയതിന് പാവൽ അറസ്റ്റിലായി. ലാറ്റിനമേരിക്കയിൽ കയറാൻ പറ്റിയ ഒരു കെട്ടിടം കണ്ടെത്തുന്നതിനായി 36 മാസമാണ് പാവൽ തെരഞ്ഞുനടന്നത്.