തൃശൂർ: മൗനത്തിലേക്കു നീങ്ങി ത്തുടങ്ങിയ ഒരു കൊച്ചുനാദത്തെ സ്നേഹരാഗത്തിന്റെ പുത്തൻ സിംഫണിയിലേക്കു കൈ പിടിച്ചുയർത്തുകയായിരുന്നു എഡ്്വിൻ ഡൊമിനിക് എന്ന യുവ ഗായകൻ. രക്തത്തിൽ അതിഗുരുതരമായ അസുഖം ബാധിച്ച ഒരു നാലു വയസുകാരനെ ജീവിതത്തിലേയ്ക്കു തിരകേ കൊണ്ടുവരാനാണ് പൂച്ചെട്ടി സ്വദേശിയായ ഈ 22 കാരൻ ഇക്കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശു പത്രിയിൽ മജ്ജ ദാനം ചെയ്തത്. നിയമം അനുവദിക്കാത്തതിനാൽ ഒരു വർഷത്തിനു ശേഷമേ മജ്ജ സ്വീകരിച്ച കുട്ടിയുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിടൂ.
പതിനായിരം മുതൽ രണ്ടു മില്യൺവരെ ആളുകളുടെ രക്തമൂല കോശങ്ങൾ ക്രോസ്മാച്ച് ചെയ്താലേ അനുയോജ്യമായതു കണ്ടെത്താനാവൂ എന്നിരിക്കെയാണ് തന്റെ മജ്ജ ആ കുരുന്നിനു അനുയോജ്യ മായതെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളജിലെ ബികോം ബിരുദ വിദ്യാർഥിയായ ഈ ചെറുപ്പക്കാരൻ പറയുന്നു. രക്തബന്ധമില്ലാത്ത വ്യക്തിക്കു മജ്ജ ദാനം ചെയ്ത കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ അഞ്ചാമത്തെയും വ്യക്തിയാണ് ഇദ്ദേഹം. 2016 ഒക്ടോബറിൽ മജ്ജ ദാനം ചെയ്ത തിരുവനന്തപുരം ശ്രീകാര്യം എൻജിനീ യറിംഗ് കോളജിലെ അജയ് കൃഷ്ണനാണ് ആദ്യ വ്യക്തി.
കഴിഞ്ഞ ഒക്ടോബറിൽ ധാത്രിയും മൈ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി നടത്തിയ രക്ത മൂല രജിസ്ട്രേഷൻ ക്യാന്പിൽ എഡ്വിൻ പേരുനൽകിയ താണ് വഴിത്തിരിവായത്.
എഡ്വിന്റേത് ഒരു കലാകുടുംബമാണ്. ഗാനാലാപനം, സംഗീതസംവിധാനം, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ എഡ്വിൻ മുദ്ര ചാർത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ എഡ്വിനും പിതാവും സഹോദരിയും സുഹൃത്തുക്കളും ചേർന്ന് ഒരു മലയാള ആൽബം പുറത്തിറക്കിയിരുന്നു.