നെയ്യാറ്റിൻകര: നാട്ടുകാരെയാകെ മാസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന നഗ്നമോഷ്ടാവ് പിടിയിൽ. കന്യാകുമാരി ആറുദേശം എസ്ടി മങ്കാട് പുല്ലാന്നിവിള വീട്ടിൽ എഡ്വിൻ ജോസി(28) നെയാണ് തിരുവനന്തപുരം റൂറൽ എസ്പി യുടെ ഷാഡോ ടീമും നെയ്യാറ്റിൻകര സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഉൗർജിതമായ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ബൈക്കുകളിലെത്തുന്ന പ്രതി പൂർണനഗ്നനായാണ് മോഷണകൃത്യം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. അടിവസ്ത്രം തലയിൽ മൂടി വരുന്നതും ഇയാളുടെ രീതിയാണ്. സാധാരണക്കാരുടെ വീടുകളിലാണ് കൂടുതലും മോഷണം നടത്തിയിട്ടുള്ളത്. പിൻവാതിൽ തുറന്ന് അകത്തുകയറുന്ന ഇയാൾ വീട്ടുകാരുടെ കഴുത്തിലെ മാലകൾ അതിവിദഗ്ധമായി വയർകട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കും.
പലയിടത്തും വീട്ടുകാർ ഉണർന്ന് മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. മോഷ്ടിക്കുന്ന ബൈക്കുകളും മൊബൈലുകളുമാണ് ഇയാൾ ഉപയോഗിക്കുക. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ഇവയും ഉപേക്ഷിക്കും.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി അശോക് കുമാറിന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി ബി. ഹരികുമാർ, ഷാഡോ ടീം ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകൻ, സിഐമാരായ ബിനു, അജിത്കുമാർ, പ്രദീപ്കുമാർ, എസ്ഐമാരായ വിജയകുമാർ, പ്രസാദ്, വിനീഷ്, മൃദുൽകുമാർ, സതീഷ്കുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ ടീം എസ്ഐ സിജു കെ.എൽ നായർ, ടീം അംഗങ്ങളായ പോൾവിൻ, പ്രവീണ് ആനന്ദ്, അജിത്, സുനിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
എംബിഎ പഠനത്തിനിടെ മോഷണത്തിന് ജയിൽ ശിക്ഷ
നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ തിരുവട്ടാറിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്ക് പഠിക്കുന്നതിനിടയിലാണ് മോഷണക്കുറ്റത്തിന് എഡ്വിൻ ജോസ് ആദ്യം ജയിലിലായത്. ജയിൽ ശിക്ഷ കഴിഞ്ഞ് വിദേശത്തേയ്ക്ക് കടന്നു. തിരികെയെത്തി പാറശാലയിലെ സ്വകാര്യ കോളജിൽ നിയമപഠനത്തിന് പ്രവേശനം നേടി. പഠനം തുടരുന്പോഴും രാത്രികാലങ്ങളിൽ മോഷണം ഉഷാറായി തുടർന്നു.
തെക്കൻ കേരളത്തിൽ മാത്രമല്ല എഡ്വിൻ മോഷണം നടത്തിയിട്ടുള്ളത്. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള, നിദ്രവിള, കൊല്ലംകോട്, കരുംകൽ, പുതുക്കട പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ സംസ്ഥാന അതിർത്തി ഗ്രാമങ്ങളിൽ നാട്ടുകാരും പോലീസും പല രാത്രികളിലും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നിട്ടുണ്ട്.
ഇയാൾ ഉപേക്ഷിച്ചു പോകുന്ന ബൈക്കുകളും മൊബൈലുകളുമെല്ലാം മോഷ്ടിക്കപ്പെട്ടവയായതിനാൽ ഒരിക്കലും കള്ളനെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളും ലഭിച്ചില്ല. നെടിയാംകോട് ഭാഗത്ത് ഒരു വീട്ടിൽ നഗ്നമോഷ്ടാവിന്റെ ചിത്രം രഹസ്യ കാമറയിൽ പതിഞ്ഞു. പക്ഷെ, തമിഴ്നാട്ടുകാരനായ പ്രതിയെ തിരിച്ചറിനായില്ല.
പഠനാവശ്യത്തിനായി മുണ്ടപ്ലാവിള ജംഗ്ഷനിൽ വാടകയ്ക്കാണ് എഡ്വിന്റെ താമസം. രാത്രിയിൽ സ്ഥിരമായി പുറത്തു പോകും. പുലർച്ചെ മാത്രമേ മടങ്ങിയെത്താറുള്ളൂ. അവധി ദിവസങ്ങളിൽ ടൈൽസിന്റെയും മാർബിളിന്റെയും പണിക്ക് പോകും.
ഇത്തരത്തിൽ ജോലി ചെയ്തിരുന്നതിന്റെ അടുത്ത വീടുകളിലാണ് മോഷണം നടത്തിയിട്ടുള്ളതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഒറ്റയ്ക്കാണ് മോഷണത്തിനു പോവുക. മോഷണത്തിനിടയിൽ സ്ത്രീകൾ ഉണർന്നാൽ പേടിക്കട്ടെ എന്നു കരുതിയാണ് നഗ്നസഞ്ചാരമെന്നും ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജനുവരി മുതലാണ് മോഷണത്തിൽ വീണ്ടും സജീവമായത്. കുന്നത്തുകാൽ, മാണിനാട് പ്രദേശങ്ങളിൽ രാത്രിയിൽ നഗ്നമോഷ്ടാവിനെ നാട്ടുകാർ കണ്ടെങ്കിലും മോഷണങ്ങൾ നടക്കാഞ്ഞതിനാൽ ആരും പോലീസിൽ പരാതിപ്പെട്ടില്ല.
അതേ സമയം നെടിയാംകോട്, മൊട്ടക്കാവ് എന്നിവിടങ്ങളിൽ മോഷണത്തിനിടെ നാട്ടുകാർ ഓടിച്ച സംഭവവുമുണ്ടായി. നെടിയാംകോട് ചാനൽക്കരയിൽ ബുള്ളറ്റ് മോഷ്ടിച്ചപ്പോഴാണ് പുറംലോകം ഇയാളെക്കുറിച്ച് ആദ്യമായി അറിയിനിടയാക്കിയത്.
കുന്നത്തുകാൽ വണ്ടിത്തടത്തിൽ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ പെണ്കുട്ടി ഉണർന്ന് നിലവിളിച്ചപ്പോൾ ഇയാൾ ഓടിരക്ഷപ്പെട്ടു. അടുത്തദിവസം കോട്ടുകോണത്തെ മൂന്നു വീടുകളിൽനിന്നായി മൊബൈൽ ഫോണും പണവും മാലയും മോഷ്ടിച്ചു.
കാരക്കോണത്തിനു സമീപം പ്ലാങ്കുളം, ഉച്ചക്കടയ്ക്ക് സമീപം വെണ്കുളം എന്നിവിടങ്ങളിൽ ഗൃഹനാഥന്മാരെ ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലായി. മത്തംപാലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ വീട്ടിൽ കയറിയ എഡ്വിൻ സ്ഥാപനത്തിന്റെ താക്കോലുമായി കടന്നു. സ്ഥാപനത്തിൽ കയറിയെങ്കിലും അപായമണി മുഴങ്ങിയതിനാൽ ഉദ്യമം ഫലിച്ചില്ല.