കൊല്ലം: ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തി വച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഗൃഹനാഥനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു കുണ്ടറ സി ഐ പറഞ്ഞു.
മൺ ട്രോ തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്വേർഡിനെയാണ് (അംഗിത് – 40 ) കസ്റ്റഡിയിൽ വാങ്ങുന്നത്. ഭാര്യ വർഷ (26), മക്കളായ അലൈൻ , ആരവ് എന്നിവരെയാണ് വിഷം കുത്തി വച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 11നായിരുന്നു സംഭവം.
മൂത്തമകളെ കൊലപ്പെടുത്താതെ വിട്ടു. കുട്ടിയെ സംരക്ഷിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം എഡ്വേർഡ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപെട്ടു.
സംശയരോഗമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. കുടുംബ വീട്ടിൽ താമസിച്ചു വന്ന വർഷ യെ സംഭവ ദിവസം രാവിലെയാണ് എഡ്വേർഡ് താമസിക്കുന്ന വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്.
വീട്ടിൽ വന്ന ശേഷം ഭാര്യയുമായി വഴക്കിട്ട എഡ്വേർഡ് ഭാര്യയെ തലയ്ക്കടിച്ചു ബോധം കെടുത്തിയ ശേഷമാണ് വിഷം കുത്തി വച്ച് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.