നിലന്പൂർ: വനം ദ്രുതകർമസേന(ആർആർടി)യുടെ നേതൃത്വത്തിൽ കൃഷിയിടത്തിൽ നിന്ന് ഈനാംപേച്ചിയെ പിടികൂടി. മലപ്പുറം എസ്പി ഓഫീസിലെ ജീവനക്കാരനായ അരുണ്‍ കുമാറിന്റെ മഞ്ചേരി എളങ്കൂറിലുള്ള വീടിന് സമീപമുള്ള കൃഷിയിടത്തിൽ പച്ചക്കറിക്ക് സംരക്ഷണമൊരുക്കിയിരുന്ന വലയിൽ കുടുങ്ങിയ നിലയിലാണ് വ്യാഴാഴ്ച രാവിലെ കണ്ടത്. അദ്ദേഹം വിവരമറിയിച്ചതനുസരിച്ചാണ് വനം ജീവനക്കാരെത്തി ഈനാം പേച്ചിയെ പിടികൂടിയത്.
ആറു കിലോഗ്രാം തൂക്കവും മൂന്നടിയോളം നീളവുമുള്ള ഈനാംപേച്ചിക്ക് 12 വയസോളം പ്രായമുണ്ട്. വനം വന്യജീവി സംരക്ഷണവകുപ്പിൽ ഷെഡ്യൂൾ ഒന്നിൽപ്പെട്ട ഈനാംപേച്ചിയെ പിടികൂടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പിന് കേസെടുക്കാം. ഉരഗ വിഭാഗത്തിൽപ്പെട്ട ഈനാംപേച്ചി പൊതുവെ ഉപദ്രവകാരികളല്ല.
ഇതിന്റെ പുറംതോടിലെ ചെതുന്പലിന് നല്ല വില ലഭിക്കുമെന്നാണ് പറയുന്നത്. ഇതിനായി ഈനാംപേച്ചികളെ പിടികൂടുന്നതിനാൽ വംശനാശ ഭീഷണിയിലുമാണ്. ഈനാംപേച്ചിയെ തൊടുന്നതോടെ ചുരുണ്ടുകൂടി ഗോളാകൃതിയിലാകും. ഇതോടെ കൈയിലെടുത്ത് കൊണ്ടുപോകാൻ എളുപ്പമാണ്.
രണ്ട് ദിവസം നിലന്പൂരിലെ ആർആർടി ഓഫീസിൽ സൂക്ഷിച്ച് നീരിക്ഷണം നടത്തിയ ശേഷം വനത്തിലേക്ക് തുറന്നു വിടും. ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ പി.അബ്ദുൾ കരീം, സതീശ് കുമാർ, ഡ്രൈവർ ഫൈസൽ, വാച്ചർ അബ്ദുൾ അസീസ് എന്നിവരടങ്ങിയ സംഘമാണ് ഈനാംപേച്ചിയെ പിടിച്ചുകൊണ്ടുവന്നത്.