വടകര: ഇന്നാട്ടിൽ ഈന്തപ്പന പൂക്കില്ലെന്ന് ആര് പറഞ്ഞു. അനുകൂല കാലാവസ്ഥയാണെങ്കിൽ ഇവിടെയും ഈത്തപഴം വിളയും. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ കല്ലുള്ളതിൽ സമീറിന്റെ പൂന്തോട്ടത്തിൽ അഞ്ച് ഈന്തപ്പനകളിൽ രണ്ടെണ്ണം പൂത്തിരിക്കുകയാണ്.
പച്ച നിറമുള്ള കായ് രണ്ടു മാസം കൊണ്ട് പഴുത്ത് തിന്നാൻ പാകമാകും.
ഖത്തറിൽ ബിസിനസുകാരനായ സമീർ അഞ്ച്് ഈന്തപ്പനകൾ 2013 ൽ ഗൾഫിൽ നിന്ന് കൊണ്ടുവരികയായിരുന്നു. ഇവിടെ ഇവ ഫലവത്താവില്ലെന്ന് ഏവരും ഉപദേശിച്ചെങ്കിലും സമീർ പി·ാറിയില്ല. ഒരു ശ്രമം നടത്താൻ തന്നെ തീരുമാനിച്ചാണ് ഈന്തപ്പനകൾ നാട്ടിലെത്തിച്ചത്.
ശരിയായ വിധം പരിപാലിച്ചതിനാൽ രണ്ടു മരങ്ങൾ ഈയിടെ പൂത്തു. ഒരാണും നാലു പെണ്ണും മരങ്ങളാണ് ഇവിടെയുള്ളത്. ആദ്യം ആണ് മരം പൂത്താൽ മാത്രമേ പെണ്മരത്തിൽ പരാഗണം നടക്കൂ. ഇപ്പോൾ ഒരു മരത്തിൽ അഞ്ചു കുലകളും രണ്ടാമത്തേതിൽ രണ്ടു കുലകളുമുണ്ട്. ഒരു കുലയിൽ നൂറിലേറെ കായികളുണ്ട്.
ചെടികളോടും മരങ്ങളോടും ഏറെ താത്പര്യം പുലർത്തുന്ന സമീർ ഒരു മരത്തിന് കാൽലക്ഷം രൂപ ചെലവിലാണ് ഈന്തപ്പനകൾ നാട്ടിലെത്തിച്ചത്. ഇയാൾക്ക് ഇതെന്തിന്റെ സൂക്കേടാണെന്നാണ് പലരും ചോദിച്ചത്. എന്നിട്ടൊന്നും സമീർ പി·ാറിയില്ല.
മഞ്ചേരിയിലെ സുഹൃത്തുമായി ചേർന്ന് ഇറാനിൽ നിന്ന് പത്ത് വർഷത്തോളം പ്രായമുള്ള ഈന്തപ്പനകൾ ഖത്തറിലെത്തിക്കുകയും പിന്നീട് കരിപ്പൂരിൽ കൊണ്ടുവരികയുമായിരുന്നു. വിമാനത്താവളത്തിൽ നിന്ന് ലോറിയിൽ നാട്ടിലെത്തിച്ചു. മഞ്ചേരിക്കാരന്റെ പക്കലുള്ള മൂന്നു മരങ്ങളും ഇതുവരെ പൂത്തിട്ടില്ലെങ്കിലും സമീർ ലക്ഷ്യം കണ്ടിരിക്കുകയാണ്.
ഈന്തപ്പനക്ക് നല്ല വെയിൽ അത്യാവശ്യമാണ്. അതുപോലെ പതിവായി നനക്കുകയും വേണം. തോട്ടത്തിൽ തണൽ സാധ്യതയുള്ള മരങ്ങളെല്ലാം മുറിച്ച്നീക്കിയാണ് മയ്യന്നൂരിലെ തോട്ടത്തിൽ ഈന്തപ്പനകൾ നട്ടത്. ഇത് പരിപാലിക്കാൻ ഒരു ബംഗാളിയെ ചുമതലപ്പെടുത്തി. ഗൾഫിൽ അഞ്ചുവർഷം കൊണ്ട് പൂക്കാറുണ്ടെങ്കിൽ മയ്യന്നൂരിലെ മരങ്ങൾക്കു പതിനഞ്ചു വർഷത്തോളമെടുത്തു.
മഴ ബുദ്ധിമുട്ട് സൃഷ്ടിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പൂക്കുന്ന സമയത്ത് മഴ പെയ്താൽ ഇവ കൊഴിഞ്ഞുപോകും. ഏതായാലും മഴ ശക്തിപ്രാപിക്കും മുന്പ് രണ്ട് മരങ്ങൾ പൂത്തതിലെ സന്തോഷത്തിലാണ് സമീറും കുടുംബവും.
അപൂർവമായ ആപ്പിൾ സൈസ് ജാന്പക്കയും അൽഫോണ്സ് മാങ്ങയുമൊക്കെ തോട്ടത്തിലുണ്ട്. നാൽപ്പതുകാരനായ സമീറിന്റെ ഇത്തരം പ്രവൃത്തികളോട് ഭാര്യ ജസീലക്കും താൽപര്യമാണ്. സിയ ഫാത്തിമ, സിജാൻ, മഹമ്മദ് സമീം എന്നിവർ മക്കളാണ്.