കൊച്ചി: തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി യവർ നടത്തിയ ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ ഒന്നുകൂടി. അതിനിഷ്ഠൂരവും പൈശാചികവുമായ കൊലപാതകങ്ങളാണ് ഇതര സംസ്ഥാനക്കാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ ആവർത്തിക്കുന്നതെന്നതും ശ്രദ്ധേയം.
ഇന്നലെ രാവിലെ കിഴക്കന്പലം അന്പുനാട് ബിരുദവിദ്യാർഥിനി നിമിഷ തന്പി (20) ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജുവിന്റെ ആക്രമണണത്തിൽ കൊല്ലപ്പെട്ടതോടെ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നു.
രണ്ടു വർഷം മുന്പ് പെരുന്പാവൂരിൽ നിയമവിദ്യാർഥിയായിരുന്ന ജിഷ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്താകമാനം ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ആസാം സ്വദേശിയായ അമിറുർ ഉൾ ഇസ്ലാം ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. 2016 ഏപ്രിൽ 28 നാണ് പെരുന്പാവൂരിനടുത്ത് രായമംഗലം ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിൽ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്.
മാനഭംഗശ്രമത്തിനിടെയായിരുന്നു കൊലപാതകം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മുപ്പതിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഈ കേസിൽ പ്രതിക്കു കഴിഞ്ഞ വർഷം ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിക്കുകയുണ്ടായി. ഇതിനെതിരേ അമിറുൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
ക്രൂരമായ ഈ കൊലപാതകത്തിനുശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടേയും വിവരങ്ങൾ ശേഖരിക്കണമെന്നും ഇവർ ജോലി ചെയ്യുന്ന കന്പനി ഉടമകൾ തൊഴിലാളികളുടെ കൃത്യമായ രേഖകൾ വാങ്ങി സൂക്ഷിക്കണമെന്നും നിർദേശമുയർന്നിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികൾക്ക് മുറി വാടകയ്ക്ക് നൽകുന്നവർ വ്യക്തമായ തിരിച്ചറിയൽ രേഖകൾ വാങ്ങണമെന്നും തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കണമെന്നും നിർദേശിച്ചിരുന്നെങ്കിലും ശക്തമായ നടപടികൾ ഉണ്ടായില്ല.
ജിഷവധത്തിന്റെ അലയൊലികൾ പൂർണമായും കെട്ടടങ്ങും മുൻപേയാണ് നാലു മാസം മുന്പ് പറവൂരിൽ ബുദ്ധിമാന്ദ്യമുള്ള മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ ആസാം സ്വദേശി മാനഭംഗശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയത്. പുത്തൻവേലിക്കര പരേതനായ പാലാട്ടി ഡേവിഡിന്റെ ഭാര്യ മോളി (61)യെ ആണ് ആസാം സ്വദേശി പരിമൾ സാബു (മുന്ന 26) കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് 18 നായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപം താമസിച്ചിരുന്ന പ്രതി പുലർച്ചെ ഒന്നിനുശേഷം മോളിയുടെ വീട്ടിൽ പോയി ഇവരെ വിളിച്ചുണർത്തിയ ശേഷം വാതിൽ തുറന്നപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും താഴെ വീണപ്പോൾ വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും എതിർത്തപ്പോൾ കൊലപ്പെടുത്തുകയും ആയിരുന്നു.
ഇതിന്റെ ഞെട്ടൽ വിട്ടുമാറും മുന്പേയാണ് പെരുന്പാവൂരിനടുത്തു തന്നെ മറ്റൊരു കൊലപാതകം. മൂന്നു കൊലപാതകങ്ങളിലും പ്രതികൾ താമസിച്ചിരുന്നത് കൊല്ലപ്പെട്ടവരുടെ വീടിന് സമീപത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.
വാഴക്കുളം എംഇഎസ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയായ നിമിഷയെ മോഷണ ശ്രമത്തിനിടെയാണ് പ്രതി ബിജു കൊലപ്പെടുത്തിയത്. ഇവരുടെ വീടിനു സമീപം നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് പെരുന്പാവൂർ മേഖലയിലാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കന്പനികളിലും മറ്റു നിർമാണ മേഖലയിലുമാണ് കൂടുതലായും ഇവർ ജോലി ചെയ്യുന്നത്.