തിരുവനന്തപുരം: എസ്എഫ്ഐയെ തളർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും വിവാദങ്ങൾ എല്ലാം അജണ്ടയുടെ ഭാഗമാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കമുള്ള ഭരണ പാർട്ടി സംവിധാനങ്ങളെയാണ് വിവാദങ്ങൾ ലക്ഷ്യമിടുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.
1970 ല്‍ എസ്എഫ്ഐ രൂപീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള ഒരു ആരോപണം എസ്എഫ്ഐക്കെതിരെ ഉയര്‍ന്നിട്ടില്ല. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്.
എസ്എഫ്ഐക്കെതിരായ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ 72 ശതമാനം അംഗീകാരം എസ്എഫ്ഐക്കുണ്ട്. എസ്എഫ്ഐ ഒരു വികാരമാണ്.
എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എ.കെ. ബാലൻ പറഞ്ഞു.
വ്യാജ ഡിഗ്രിയെപ്പറ്റി വിവരം കിട്ടിയപ്പോള്‍ ആര്‍ഷോ കൃത്യമായ നിലപാട് എടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ വേട്ടയാടിയിട്ടും പിടിച്ചുനിന്നില്ലേ.
പ്രസ്ഥാനത്തിനുള്ളില്‍ ആര് തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുന്ന നിലപാടാണ് എസ്എഫ്ഐ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്. തെറ്റുകൾ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്.
ആരോപണം ഉയർന്നാൽ ഇതിലപ്പുറം ഒന്നും ചെയ്യാൻ എസ്എഫ്ഐക്ക് ഇല്ല. രക്ത സാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതാണ് എസ്എഫ്ഐയുടെ പതാക.
വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മും എസ്എഫ്ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്.
ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ല. വ്യാജരേഖാക്കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ല. കേസെടുത്ത് പതിനഞ്ചാം ദിവസം വിദ്യയെ പിടിച്ചു. വ്യാജരേഖ ചമയ്ക്കല്‍ എന്നത് കേരളത്തില്‍ കള്ളനോട്ടടി പോലെ വ്യാപകമാണ്.
കെഎസ്യു സംസ്ഥാന കൺവീനറും വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിന് വിധേയനാണ്. വിദ്യയിൽ തുടങ്ങി നിഖിൽ വരെ ഉള്ള നിരയിൽ ഈ പ്രശ്നം ഒതുങ്ങി നിൽക്കില്ല.
കള്ളനോട്ടടി പോലെ ഗുരുതരമായ പ്രശ്നം. ഇതു നിമിത്തമായത് അനുഗ്രഹമായി കാണുന്നു. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും.
ഉടുമ്പിനെ മാളത്തിൽ നിന്ന് തെറിപ്പിക്കുന്നതു പോലെ പ്രതികളെ പുറത്തുകൊണ്ടുവരും – എ.കെ.ബാലൻ പറഞ്ഞു.
ഗോവിന്ദനെതിരായ ആക്രമണം മറുപടി അർഹിക്കുന്നതല്ലെന്നും നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വർഗ തറവാടിത്തമാണ് എം.വി. ഗോവിന്ദനുള്ളതെന്നും എ.കെ.ബാലൻ പറഞ്ഞു.