സ്വന്തം ലേഖകൻ
തൃശൂർ: ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്ന അനർഹരെ വെട്ടിക്കുറയ്ക്കാൻ ഉദ്യോഗസ്ഥർ ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ പട്ടികയിലേക്കു മാറ്റി.
ഒരു വർഷത്തോളമായി നിർത്തിവച്ചിരുന്ന പെൻഷൻ വിതരണം കഴിഞ്ഞ മാസം പുനരാരംഭിച്ചെങ്കിലും പെൻഷൻ കിട്ടാത്ത വയോധികർ അന്വേഷിച്ചപ്പോഴാണ് തങ്ങളെ മരിച്ചവരുടെ പട്ടികയിലേക്കു മാറ്റിയെന്നു കണ്ട് അന്പരന്നത്.
തൃശൂർ അരണാട്ടുകരയിലുള്ള വയോധികയാണ് പെൻഷൻ ലഭിക്കാതെ കോർപറേഷൻ ഓഫീസിൽ എത്തിയപ്പോൾ താൻ മരിച്ചവരുടെ പട്ടികയിലാണെന്ന് അറഞ്ഞത്.
തിരിച്ചറിയൽ കാർഡുമായി നേരിൽ വന്നതുകൊണ്ടു പ്രയോജനമില്ല, അവധിയിലുള്ള റവന്യൂ ഇൻസ്പെക്ടർ അടുത്തയാഴ്ച വീട്ടിലെത്തി അന്വേഷിച്ച് റിപ്പോർട്ടു നൽകുമെന്നാണ് അധികാരികളുടെ നിലപാട്. കണ്ണീരുമായാണ് എഴുപത്തഞ്ചുകാരിയായ വയോധിക മടങ്ങിയത്.
മരിച്ചവരുടെ പട്ടിക തയാറാക്കിതു തങ്ങളല്ലെന്നും തിരുവനന്തപുരത്തുനിന്ന് അയച്ചുകിട്ടിയ പട്ടികയനുസരിച്ചാണു പെൻഷൻ നൽകിയതെന്നുമാണ് കോർപറേഷനിലെ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പട്ടികയനുസരിച്ചാണ് മരിച്ചവരെ നീക്കം ചെയ്തതെന്നാണു ധനകാര്യ വകുപ്പിന്റെ നിലപാട്.
വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾ 42.6 ലക്ഷം പേർക്കാണു വിതരണം ചെയ്തിരുന്നത്. ഇവരിൽ അനർഹരെ കണ്ടെത്തി നീക്കം ചെയ്യാനുള്ള പരിശോധനകൾ കഴിഞ്ഞ മാസങ്ങളിൽ നടത്തിവരികയായിരുന്നു.
ഇതനുസരിച്ച് 31,256 പേർ മരിച്ചെന്നു കണ്ടെത്തി പെൻഷൻ പട്ടികയിൽനിന്നു നീക്കം ചെയ്തു. സ്വന്തമായി കാറുള്ള 64,473 പേരേയും പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കി. ഒന്നേമുക്കാൽ കോടി വിലവരുന്ന ബിഎംഡബ്ള്യു കാറുള്ള 28 പേരും ഒന്നര കോടി വിലവരുന്ന ബെൻസ് കാറുള്ള 61 പേരും പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. 1,200 ചതുരശ്രയടിയിലും അധികം വിസ്തീർണമുള്ള വീട് സ്വന്തമായുള്ള 1.49 പേരെ പിന്നീട് പെൻഷൻ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.