കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിൽ പുലിയിറങ്ങി എന്ന പ്രചാരണം ഉണ്ടായതിനെത്തുടർന്ന് ജനങ്ങളുടെയിടയിലുണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു സ്ഥലങ്ങളിൽ പുലിയെ കണ്ടെന്നാണ് പ്രചാരണം.
ഒരാഴ്ച മുന്പ് വിഴിക്കത്തോട് കടവനാക്കടവിൽ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നിരുന്നു. അജ്ഞാത ജീവി പുലിയാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായി. വനം വകുപ്പും പോലീസും വന്യജീവിവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നു സ്ഥിരീകരിച്ചിരുന്നു.
ഇതിനു ശേഷമാണ് പനച്ചേപ്പള്ളി പ്രദേശത്ത് പുലിയിറങ്ങിയെന്ന് പ്രചാരണമുണ്ടായത്. രാത്രിയിൽ പുലിയെപ്പോലുള്ള മൃഗത്തെയാണ് കണ്ടതെന്ന് പറയപ്പെടുന്നു. ഇവിടെയും പോലീസ് അന്വേഷണം നടത്തിയപ്പോൾ പുലിയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇത്തരത്തിലുള്ള പ്രചാരണത്തിന് യാതൊരു കഴന്പുമില്ലെന്നാണ് പോലീസ് പറയുന്നത്. വനം മേഖലയുമായി ഏറെ അകലത്തിലാണ് പുലിയെ കണ്ടെന്ന് അവകാശപ്പെടുന്നസ്ഥലങ്ങൾ. തോട്ടം മേഖലയാണ് ഇവിടങ്ങൾ.
പുലിയായിരുന്നുവെങ്കിൽ മിക്ക ദിവസങ്ങളിലും വളർത്തുമൃഗങ്ങളെ അക്രമിച്ചേനെ. മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തിനായി പുലിയിറങ്ങിയെന്ന് പ്രചരിപ്പിക്കുന്നതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.