നിയാസ് മുസ്തഫ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിണക്കാതെ മുന്നോട്ടു നീങ്ങാൻ ബിജെപി ശ്രമം തുടങ്ങിയ തായി റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് അടുത്തിടെ ചില ബിജെപി കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
ബിഹാറിൽ ഭരണപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും സഖ്യകക്ഷിയായ ജെഡിയു നേതാവ് നിതീഷ് കുമാറിനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നത്.
തനിക്കെതിരേ ബിജെപിക്കുള്ളിൽനിന്ന് സ്വരം ഉയർന്നതോടെ നിതീഷ്കുമാർ ചില നിർണായക നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതോടെ അധികാരം നഷ്ടപ്പെടുമോയെന്ന ഭയം ബിജെപിയെ ബാധിച്ചു.
ഒരുക്കമല്ല
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ നിതീഷ് കുമാർ ഒരുക്കമല്ല. പ്രധാന പ്രതിപക്ഷമായ ആർജെഡിയുമായി നിതീഷ് ഇപ്പോൾ അടുക്കുന്നതാണ് ബിജെപിയെ മാറി ചിന്തിപ്പിച്ചിരിക്കുന്നത്.
നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയും പ്രതിപക്ഷത്തിരിക്കേണ്ടിയും വരും.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ നിതീഷ് കുമാറിനെ രാഷ്ട്രപതി സ്ഥാനാർഥിയായിട്ട് ബിജെപി പരിഗണിച്ചിരുന്നുവത്രേ.
രാജ്യസഭാ സീറ്റ് നൽകി ഡൽഹിയിലേക്ക് അയയ്ക്കാനും ചില ചരടുവലികൾ ബിജെപി നടത്തി.
ഹൈലൈറ്റ്
ബിജെപിയുമായി ഇടഞ്ഞാലും നിതീഷ് കുമാർ സേഫ് ആണെന്നാണ് ബിഹാർ രാഷ്ട്രീയത്തിന്റെ ഹൈലൈറ്റ്.
കാരണം പ്രധാന പ്രതിപക്ഷമായ ആർജെഡി, കോണ്ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് ഭരണം നഷ്ടമായത് നിസാര സീറ്റുകൾക്കാണ്.
ബിജെപി ഉപേക്ഷിച്ച് പ്രതിപക്ഷവുമായി നിതീഷ് കൈകോർത്താലും ആർജെഡി-കോണ്ഗ്രസ് സഖ്യത്തിന്റെ സഹായത്തോടെ മുഖ്യമന്ത്രി ആയി തുടരാം.
ബിജെപി അപ്പോൾ പ്രധാന പ്രതിപക്ഷവുമാവും. ഈ സാഹചര്യത്തിൽ ബിജെപിയെ അല്പം സമ്മർദത്തിലാക്കാനും തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കരുതെന്ന പരോക്ഷ സൂചന നൽകുന്നതിന്റെ ഭാഗവും കൂടിയായിട്ടാണ് നിതീഷിന്റെ പ്രതിപക്ഷ സഹകരണം.
ഇഫ്താർ
കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വസതിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ച ആയിരുന്നു.
പ്രധാന പ്രതിപക്ഷമായ ആർജെഡിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തത് തെറ്റായ സന്ദേശം നൽകുന്നതാണെന്നാണ് ബിജെപി കരുതുന്നത്.
ഇതു സംബന്ധിച്ച അതൃപ്തി പരസ്യമായി ബിജെപി നേതൃത്വം പ്രകടിപ്പിച്ചില്ലെന്നു മാത്രം.
അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. ജെഡിയുവും ആർജെഡിയും മുന്പ് സഖ്യകക്ഷികളായി അധികാരം പങ്കിട്ടവരാണ്.
മുന്പ് ഞാൻ ‘നോ എൻട്രി’ ബോർഡ് (ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്) ഇട്ടിരുന്നു. ഇപ്പോൾ ഞാൻ ‘എൻട്രി നിതീഷ് ചാച്ചാ ജി’ ബോർഡ് വെച്ചിട്ടുണ്ട്. -തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് പറയുന്നു.