സ്വന്തംലേഖകന്‍
കോഴിക്കോട് : പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത പണപിരിവ് വിവാദത്തിനാശ്വസമേകി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡെബ്ല്യു-മൂന്ന്) സിവില്‍ പോലീസ് ഓഫീസറും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകൂടിയായ ഉമേഷ് വള്ളിക്കുന്നാണ് അഞ്ചു പൈസ ചെലവില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിപ്പിനെ പൊതുജനങ്ങളുമായി എളുപ്പത്തില്‍ സംവദിക്കും വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
ശമ്പളത്തില്‍ നിന്ന് അഞ്ചു പൈസ ചെലവില്ലാതെ, ഒരു പൈസ പോലും കീശയില്‍ നിന്നെടുത്തു കൊടുക്കാതെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു കൊടുക്കാം’ എന്നതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ സാരാംശം. തിങ്കളാഴ്ച രാവിലെ ഫേസ്ബുക്കിലിട്ട പോസ്റ്റ് 157 പേരാണ് ഷെയര്‍ ചെയ്തത്.
ഇത് കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരിലേക്ക് എത്തുകയും അത് എളുപ്പത്തില്‍ വൈറലാവുകയുമായിരുന്നു. വസ്തുത, ചിന്ത ഒന്ന്, ചിന്ത രണ്ട്, മറുചിന്ത, പ്രാക്ടിക്കല്‍ ചിന്ത വിത്ത് തീരുമാനം എന്നീ സബ് തലക്കെട്ടുകളോടെയാണ് സ്വന്തം ജീവിതം വ്യക്തമാക്കി സര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ സാധാരണ ജനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുമെത്തിച്ചത്.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറിയതും അന്നത്തെ ശമ്പളവും വിശദമാക്കിയാണ് പോസ്റ്റ് തുടങ്ങുന്നത്. സാമ്പത്തിക ബാധ്യതകള്‍ അനുഭവിക്കുന്നതിനിടയിലും ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം ആദ്യമേ കൊടുത്തതും ഇദ്ദേഹം പോസ്റ്റില്‍ വിവരിക്കുന്നു.
പോസ്റ്റിലെ പ്രധാനഭാഗം: ‘സമ്മതപത്രവും നിരാസപത്രവുമൊക്കെ വരുന്നതിനു മുന്‍പ് തന്നെ ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. പിഎഫില്‍ ആറുമാസം കൂടുമ്പോള്‍ ലോണെടുക്കാറുണ്ടെങ്കിലും നാല്പതിനായിരം രൂപയൊക്കെ എന്തായാലും അക്കൗണ്ടില്‍ കാണും, അതെടുത്തു കൊടുക്കാം എന്ന് വിചാരിച്ചിരുന്നു.
ഇപ്പോഴിതാ സംഗതി അതിലേറെ എളുപ്പമാക്കി സര്‍ക്കാറുത്തരവ് വന്നിരിക്കുന്നു. ധാരാളം ഓപ്ഷന്‍സ്! ലീവ് കുറെയെണ്ണം അക്കൗണ്ടില്‍ കിടപ്പുണ്ട്. അടുത്ത വെള്ളപ്പൊക്കമോ സുനാമിയോ വന്നാല്‍, ഒരു ഹാര്‍ട്ടറ്റാക് വന്നാല്‍ ബാക്കിയുണ്ടാവുമൊന്നുറപ്പില്ലാത്ത ഞാന്‍ ലീവൊക്കെ കെട്ടിപ്പൂട്ടി വച്ചിട്ടെന്തു കാര്യം? ഇക്കൊല്ലത്തെ സറണ്ടര്‍ ഏപ്രിലില്‍ തന്നെ തീരുമാനമാക്കിയതാണ്.
അതോണ്ട് ഒരു സറണ്ടറും കൂടി ചെയ്യാനുള്ള അപൂര്‍വാവസരം കിട്ടിയ സ്ഥിതിക്ക് അതങ്ങു ചെയ്താല്‍ ഒരു ബാധ്യതയുമില്ലാതെ, ശമ്പളത്തില്‍ നിന്ന് അഞ്ചു പൈസ ചെലവില്ലാതെ, ഒരു പൈസ പോലും കീശയില്‍ നിന്നെടുത്തു കൊടുക്കാതെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു കൊടുക്കാം.
വലിയ സംഭാവന ചെയ്യുന്നു എന്ന അഭിമാനത്തോടെയല്ല, അധികമായി കിട്ടുന്ന ആനുകൂല്യത്തില്‍ നിന്നൊരു തുള്ളി മാത്രം കൊടുക്കുന്നു എന്ന ആത്മനിന്ദയോടെ.. കമ്പിളി വില്ക്കാന് വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാന്‍ അര്‍ഹതയില്ലെന്ന അപകര്‍ഷതയോടെ’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് പോലീസുകാര്‍ക്ക് വിലക്കുള്ളപ്പോഴാണ് പോസ്റ്റിട്ടത് എന്നതിനാല്‍ അതേകുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ‘ഈ ഫേസ്ബുക്ക് പോസ്റ്റോക്കെയിട്ട് പണിപോയാലോ എന്നാണല്ലോ. സത്യത്തില്‍ അങ്ങനെ പണിയൊന്നും പോകില്ലെന്ന് (ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്തിടത്തോളം) നമുക്കറിയില്ലേ ?
പിന്നെ കിട്ടാനുള്ളത് ട്രാന്‍സ്ഫറും സസ്പെന്‍ഷനുമൊക്കെയല്ലേ? അതൊക്കെ യാത്രചെയ്യാനും സ്ഥലം കാണാനും കൂടുതല്‍ മനുഷ്യന്മാരെ പരിചയപ്പെടാനും ഉള്ള സുവര്ണാവസരങ്ങളല്ലേ? ചിലപ്പോള്‍ ഇന്‍ക്രിമെന്റ് പോയേക്കാം. പണ്ട് മൂന്നാലു വട്ടം കാലൊടിഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോകാതെ ബീച്ചാശുപത്രിയില്‍ പോയതോണ്ട് കിട്ടിയ ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടല്ലോ, അതിലങ്ങ് അഡ്ജസ്റ്റ് ചെയ്താല്‍ പോരെ?’യെന്നാണ് പരാമര്‍ശം.