കോട്ടയം: വിവിധ രോഗങ്ങളുടെയും രോഗികളുടെയും പേരിൽ പല സംഘങ്ങളും പിരിവെടുപ്പു നടത്തുന്നതായി പരക്കെ പരാതി. ശസ്ത്രക്രിയകൾക്കും മരുന്നിനുമായി ചാരിറ്റി സംഘടനകളും ദേശവാസികളും സുതാര്യമായ നിലയിൽ പിരിവു നടത്തുന്നതിനിടെയാണ് വ്യാജപിരിവുകാരും പണപ്പിരിവിനിറങ്ങുന്നത്.
മണർകാട്, ഏറ്റുമാനൂർ, പാന്പാടി, അയർക്കുന്നം, കുമരകം, ആർപ്പൂക്കര പ്രദേശങ്ങളിൽ വൃക്കരോഗിയായ സ്ത്രീയുടെ പേരിൽ ഒരു സംഘം പിരിവെടുക്കുന്നതായി പോലീസിന് പരാതി ലഭിച്ചു.
ബന്ധുക്കൾ ഉൾപ്പെടെ വലിയൊരു സംഘമാണ് വൻതോതിൽ തുക പിരിച്ചുകൊണ്ടിരിക്കുന്നത്. പിരിക്കുന്ന പണം വൃക്കരോഗിക്കു നൽകുന്നില്ലെന്നും യുവതി ഇപ്പോഴും ജോലിക്കുപോകുന്നുണ്ടെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യപാനം ഉൾപ്പെടെ ധൂർത്തിന് പണം സന്പാദിക്കാൻ രോഗികളുടെ പേരിൽ പിരിവു നടത്തുന്ന ഒട്ടേറെ പേർ ജില്ലയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. രോഗിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അറിയാതെ ഇത്തരം കെണികളിൽപ്പെടരുതെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ ചികിത്സയ്ക്കായി ഗാനമേള നടത്തുന്ന മൂന്നു സംഘങ്ങൾ വിവിധ ജില്ലകൾ കറങ്ങുന്നുണ്ട്.
മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ പ്രദേശങ്ങളിൽ മദ്യപസംഘങ്ങൾ ചികിത്സാഫണ്ട് പിരിക്കാൻ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വീടുകൾ കയറുന്നതായി പോലീസ് പറഞ്ഞു.
രോഗികളെ നേരിൽ കണ്ട് മരുന്നോ ചികിത്സാ സഹായമോ നേരിട്ടു നൽകുകയല്ലാതെ വ്യാജപിരിവെടുപ്പുകാരെ വിശ്വസിക്കരുത്. മോഷ്ടാക്കളും ക്രിമിനൽ സംഘങ്ങളും മോഷണം ലക്ഷ്യമാക്കിയും വീടുകളുടെ സാന്പത്തിക നില വിലയിരുത്താനും സഹായപ്പിരിവു ചോദിച്ചിറങ്ങുന്നുണ്ട്.
ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും സംഘടനകളും ഔദ്യോഗിക ഭാരവാഹികളെ ചുമതലപ്പെടുത്തി നടത്തുന്ന ചികിത്സാ പിരിവുകളോടു മാത്രമെ സഹകരിക്കാവൂ എന്നാണ് നിർദേശം.