കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നടത്തുന്ന, വിജയകരമായി പൂർത്തിയാക്കുന്ന സമർഥൻ. മുംബൈ നഗരത്തിൽ പലയിടത്തായി 51 വീടുകളിൽ മോഷണം നടത്തി. ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല. ആരാണ് മോഷ്ടാവ് എന്നതിന് ഒരിടത്തും തെളിവുകളില്ല. ഒടുവിൽ ഒരു സിസി ടിവി കാമറ അയാളെ കുടുക്കി. ഹരുണ് സർദാർ….
നഗരത്തെയും പോലീസിനെയും വല്ലാതെ വട്ടം ചുറ്റിച്ചിരുന്ന ഹരുണിനെയും സഹായികളായ അർഫൻ മുല്ല, മത്രു എന്ന് വിളിക്കുന്ന മഹേഷ് ഗുപ്ത എന്നിവരെയും മുംബൈയിലെ കുറാർ പോലീസ് പിടികൂടി. ഓരോ ഇടത്തെയും മോഷണത്തിന്റെ സർവവിധ തന്ത്രങ്ങളും മെനയുന്നത് ഹരുണ് തന്നെ. ആദ്യം ഇടം കണ്ടുപിടിക്കും. അവിടുത്തെ ഭൂമിശാസ്ത്രം മോഷണത്തിന് എത്രത്തോളം ഉപകരിക്കും എന്ന് മനസിലാക്കും. വീട് മാർക്ക് ചെയ്യും. അകത്ത് കയറാനുള്ള മാർഗവും രക്ഷപ്പെടാനുള്ള വഴിയും ആസൂത്രണത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ഹരുണിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. മോഷണം ഒരു വീട്ടിൽ മാത്രമായി അയാൾ ഒതുക്കാറില്ല. കുറഞ്ഞ പക്ഷം ഒരിടത്ത് മൂന്നു വീടുകളിലെങ്കിലും അയാൾ ഒറ്റ രാത്രിയിൽ കയറിയിരിക്കും. നിരന്തര മോഷണത്തിന്റെ തലവേദനയിലായിരുന്നു മുംബൈ പോലീസ്. അങ്ങനെയിരിക്കെയാണ് കുറാറിലെ താനാജി നഗറിൽ ഒരേ രാത്രിയിൽ മൂന്നു വീടുകളിൽ മോഷണം നടന്ന പരാതി കുറാർ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. അതിലൊരു വീട്ടിലെ സിസി ടിവി കമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞത് പോലീസിന് സഹായകമായി. മോഷണത്തിനു ശേഷം മൂന്നുപേർ തിരികെ പോകുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്.
ആളുകളെ തിരിച്ചറിഞ്ഞുവെങ്കിലും പോലീസിന് ജോലി അത്ര എളുപ്പമായിരുന്നില്ല. മുൻപൊരു കേസിൽ ബോറിവിലി പോലീസ് ഹരുണിനെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മോഷണരീതികൾ വിശദമായി പരീക്ഷിച്ച കുറാർ പോലീസിന് ഹരുണിൽ നേരിയ സംശയം തോന്നി. സിസി ടിവി കാമറ ദൃശ്യങ്ങളിലൂടെ ആളെ തിരിച്ചറിഞ്ഞപ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നും പോലീസിന് ബോധ്യമായി. ഉൗർജിതമായ അന്വേഷണത്തിൽ മാൽവാനിയിലാണ് അവരുടെ താവളം എന്ന് പോലീസ് കണ്ടെത്തി. മാൽവാനി പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം വല വിരിച്ചെങ്കിലും ഹരുണ് അതിവിദഗ്ധമായി രക്ഷപ്പെട്ടു. ഹരുണിന്റെ സഹായികളെ കുരുക്കാനായിരുന്നു പോലീസിന്റെ അടുത്ത ശ്രമം. രണ്ടു കൂട്ടാളികളെ കിട്ടിയതോടെ വൈകാതെ ഹരുണും പോലീസ് കസ്റ്റഡിയിലായി.
സെൽഫി പറ്റിച്ചു…
സുഭാഷ് സോനാ വെയ്ൻ എന്ന മോഷ്ടാവിന് വിനയായത് സെൽഫി ഫോട്ടോകളിലെ കന്പമാണ്. വീടുകളിൽ ഗ്യാസ് സിലിണ്ടറിന്റെ അറ്റകുറ്റപ്പണി ചെയ്യാനെന്ന വ്യാജേനയാണ് ഇയാൾ എത്തുന്നത്. വൃദ്ധകളും വീട്ടമ്മമാരും മാത്രമുള്ള സമയങ്ങളിലായിരിക്കും ഇയാളുടെ വരവ്. മാന്യമായ പെരുമാറ്റമായതിനാൽ ആരും സംശയിക്കുകയുമില്ല. അകത്തു കയറി നിമിഷങ്ങൾക്കകം സുഭാഷിന്റെ മട്ടും ഭാവവും മാറും. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണവും വില പിടിപ്പുള്ള ആഭരണങ്ങളുമായി മടങ്ങും. പക്ഷെ, ഭോയിർ നഗറിലെ ഒരു വീട്ടിൽ സുഭാഷിന്റെ അഭ്യാസം പാളിപ്പോയി. 77 കാരിയായ സന്ധ്യാ വനേജിന്റെ വീട്ടിൽ ചെന്ന സുഭാഷ് അവിടെ മറ്റുള്ളവർ ഉണ്ടെന്നറിഞ്ഞില്ല. വൃദ്ധയുടെ കഴുത്തിൽ കത്തി ചേർത്ത് സ്വർണാഭരണങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു. സന്ധ്യയുടെ മരുമകൾ ഡോ. നിലം അകത്തു നിന്ന് ഓടിയെത്തി. അമ്മായിയമ്മയെ രക്ഷിക്കാനുള്ള നിലത്തിന്റെ ശ്രമത്തിനിടയിൽ സുഭാഷ് ഇരുവരെയും തള്ളിമാറ്റി. അയൽവാസികൾ എത്തുന്നതിനുമുന്പ് സുഭാഷ് രക്ഷപ്പെട്ടു. പക്ഷെ, അയാളുടെ മൊബൈൽ ഫോണ് പിടിവലിക്കിടയിൽ താഴെ വീണിരുന്നു. പോലീസ് ഫോണ് പരിശോധിച്ചപ്പോൾ സുഭാഷിന്റെ വിവിധ തരത്തിലുള്ള സെൽഫി ഫോട്ടോകൾ ലഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടുകയും ചെയ്തു.
പകൽ ആക്രി പെറുക്കൽ, രാത്രിയിൽ…
മുംബൈയിലെ നെഹ്റു നഗർ പോലീസിനും ഒരു മോഷണസംഘത്തിന്റെ കഥ പറയാനുണ്ട്. ഒരു കുടുംബത്തിലെ നാലു പേർ- അമ്മയും മൂന്നു ആണ്മക്കളും. പകൽസമയങ്ങളിൽ തെരുവുകളിലും നിരത്തുകളിലുമൊക്കെ ഇവരെ ആളുകൾ കാണാറുണ്ട്. നാലു പേരും നാലു സ്ഥലങ്ങളിലായിരിക്കും. കുപ്പത്തൊട്ടിയിലും ചവറുകൂനകളിലുമൊക്കെ അരിച്ചു പെറുക്കി അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്ന ഇവരെ ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പോലീസ് പിടിയിലായതോടെയാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. വിധവയായ രേഖാ ഗൗലിയാണ് ഈ സംഘത്തിന്റെ തലൈവി. വിനായക്, ലല്ല എന്നീ മക്കൾക്കൊപ്പം 17 വയസുകാരനായ ഇളയ പുത്രനെയും മാതാവ് പരിശീലിപ്പിച്ചത് മോഷണവിദ്യകളാണ്. പകൽനേരങ്ങളിലെ ആക്രി പറുക്കിയുള്ള അലച്ചിലുകൾ മോഷണം നടത്തേണ്ട വീടുകൾ സംബന്ധിച്ച വിവരശേഖരണമാണെന്ന് പോലീസ് പറയുന്നു. സാധാരണ മക്കളെയാണ് മോഷണത്തിനായി നിയോഗിക്കാറുള്ളത്. ഇടയ്ക്ക് തലൈവിയും രംഗത്തിറങ്ങാറുണ്ടത്രെ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരോരുമറിയാതെ ഒരു വീട്ടിൽ കയറിയ ഇവർ നാൽപ്പതിനായിരത്തിലേറെ രൂപയുടെ സാധനസാമഗ്രികളുമായാണ് മടങ്ങിയത്. ഇളയ മകൻ റെയിൽവേ സ്റ്റേഷനുകളിലാണ് നിയോഗിക്കപ്പെടുക. യാത്രക്കാരിൽ നിന്നു സാധനം കവർന്ന് മിന്നൽവേഗത്തിൽ സ്ഥലം കാലിയാക്കും. ഒരിക്കൽ തന്നെ പിന്തുടർന്ന ഒരു പോലീസുകാരനെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. നാലുപേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
പട്ടാപ്പകലും രക്ഷയില്ല…
മുംബൈ നഗരത്തിലെ പലയിടങ്ങളിലും പട്ടാപ്പകൽ പോലും പിടിച്ചുപറി ഇപ്പോൾ പുതുമയല്ല. കഴിഞ്ഞ ദിവസം ഒരു വൃദ്ധന് നഷ്ടമായത് രണ്ടര ലക്ഷത്തിലേറെ രൂപയാണ്. പണവുമായി സമീപത്തെ ബാങ്കിലേയ്ക്ക് പോവുകയായിരുന്നു 84 കാരനായ മഹേന്ദ്ര വോറ. ബൈക്കിലെത്തിയ രണ്ടുപേർ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. നള ഡിസിൽവ നഗറിലെ 60 കാരിയായ ഗംഗു ഭായിയുടെ സ്വർണമാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് വലിച്ച് പറിച്ചെടുത്ത് രക്ഷപ്പെട്ടത്. അതാത് പ്രദേശങ്ങളിലെ ചില സിസി ടിവി കാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും ഒളിവിലാണ്. മുംബൈയിലെ മാത്രം സംഭവങ്ങളായി ഇവ തള്ളിക്കളയരുത്. മോഷ്ടാക്കൾ എവിടെയും ഏതു വേഷത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. ചിരപരിചയം നടിച്ചും സഹായഹസ്തം നീട്ടിയുമൊക്കെ ചിലർ സമീപിക്കുന്പോൾ കബളിപ്പിക്കപ്പെടാനും ഇടയുണ്ട്.
ഗിരീഷ് പരുത്തിമഠം