മുട്ടക്കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയുടെ നേർക്ക് ഭർത്താവ് നിറയൊഴിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂറിലാണ് സംഭവം. തുടർന്നു മൻഗേഷ് ശുക്ല എന്ന യുവതി കൊല്ലപ്പെട്ടു. ഇവരുടെ ഭർത്താവ് നവ്നീതിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാൾ പിതാവിന്റെ പേരിൽ ലൈസൻസുള്ള തോക്കുകൊണ്ടാണ് ഭാര്യയെ ആക്രമിച്ചത്. പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പ് വിവാഹിതരായ ഇവർക്ക് മൂന്നു മക്കളുണ്ട്. കുട്ടികൾ സ്കൂളിലും മാതാപിതാക്കൾ വീടിനു പുറത്തും പോയ സമയത്താണ് സംഭവം നടന്നത്.
വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ നവ്നീത് മുട്ടക്കറി ഉണ്ടാക്കിത്തരുവാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച മൻഗേഷ് ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ നവ്നീത് തോക്കുമായി വന്ന് ഭാര്യയുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഇവിടെ എത്തിയ അയൽവാസികൾ മൻഗേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനു മുമ്പേ ഇവർ മരിച്ചിരുന്നു. കൊലയ്ക്കുപയോഗിച്ച തോക്ക് സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു. കുട്ടികൾ നവ്നീതിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.