കുറച്ചു നാളുകളായി മുട്ടയ്ക്ക് ഒരു വില്ലന്‍ പരിവേഷമാണ്. പ്ലാസ്റ്റിക് മുട്ടയില്‍ കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ ഒടുവില്‍ മുട്ടയ്ക്കകത്തെ പഴുതാരയില്‍ വരെ എത്തി നില്‍ക്കുന്നു. ഇത്തരം വാര്‍ത്തകളുടെ സത്യമെന്ത്? ശാസ്ത്രീയത എന്ത്? എന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയാണ്.
ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പ്ലാസ്റ്റിക്ക് മുട്ട എന്നൊരു സാധനം, പരീക്ഷിച്ച സാമ്പിളുകളില്‍ ഒന്നില്‍ പോലും കണ്ടെത്താനായിട്ടില്ലെന്ന് വെറ്ററിനറി സര്‍വകലാശാല മുന്നേ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത് അപസാമാന്യമായ മുട്ടകളെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകളാണ്. ഇത്തരം മുട്ടകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത പരിശോധിക്കും മുമ്പ് ഒരു കോഴിമുട്ട എങ്ങനെ രൂപം കൊള്ളുന്നു എന്ന് നോക്കാം.
മുട്ടയുടെ അണ്ഡാണു (മഞ്ഞക്കരു) ഉണ്ടാകുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ നിന്നാണ്. പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍ ഇവ അണ്ഡാശയനാളിയിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇതിനെ അണ്ഡഉത്സര്‍ഗം (ഓവുലേഷന്‍) എന്നു പറയുന്നു. അണ്ഡാശയ നാളിയുടെ ഭാഗമായ ‘ഇന്‍ഫന്റിബുലം’ അണ്ഡാശയത്തെ സ്വീകരിക്കുന്നു.
ചില സമയത്ത് അണ്ഡാണു ഇന്‍ഫന്റിബുലത്തിലേക്കല്ലാതെ വഴി തെറ്റി ദേഹഗുഹയിലേക്ക് പ്രവേശിക്കാറുണ്ട്. അത്തരത്തില്‍ പ്രവേശിക്കുന്ന അണ്ഡാശയം രക്തത്തില്‍ പറ്റിച്ചേര്‍ന്നു പോവുകയോ, ദേഹഗുഹയുടെ പല ഭാഗത്തായി പറ്റിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നു ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന കോഴികളെ ‘ഇന്റേണല്‍ ലേയേഴ്‌സ്’ എന്നാണ് പറയുക.
ഇന്‍ഫന്റിബുലത്തിനപ്പുറത്തായി അണ്ഡാശയനാളിയുടെ അടുത്ത ഭാഗത്തിനു പറയുന്ന പേര് ‘മാഗ്നം’. പേരുപോലെ തന്നെ അണ്ഡാശയനാളിയുടെ ഏറ്റവും നീളം കൂടിയ ഭാഗമാണിത്. ഇവിടെ മുട്ടയുടെ വെള്ളക്കരു രൂപപ്പെടുകയും തുടര്‍ന്നുള്ള ഭാഗമായ ‘ഇസ്ത്മസില്‍’ വച്ച് മുട്ടത്തോടിന്റെ അടിയില്‍ കാണുന്ന പാട നിര്‍മിക്കപ്പെടുകയും ചെയ്യുന്നു.
ഇതിനുശേഷം ഗര്‍ഭപാത്രത്തില്‍ ഏതാണ്ട് ഇരുപത് മണിക്കൂറോളം ചിലവിടുന്ന മുട്ടയുടെ മുകളിലായി കട്ടിയുള്ള തോട് ഉണ്ടാകുന്നു. മുട്ടയെ പുറന്തള്ളുന്ന ഏതാനും മിനിറ്റുകള്‍ നീണ്ടു നില്‍ക്കുന്ന കര്‍ത്തവ്യം മാത്രമാണ് ഒടുവിലത്തെ ഭാഗമായ യോ നിക്കുള്ളത്.
ഇത്തരത്തില്‍ ഇരുപത്തഞ്ച് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന തീവ്ര പ്രക്രിയയ്‌ക്കൊ ടുവിലാണ് കോഴികളില്‍ മുട്ടയുത്പാദനം സാധ്യമാകുന്നത്. കൂടാതെ മുട്ടയിട്ട് അരമണിക്കൂറിനു ശേഷമാണ് അടുത്ത മുട്ടയ്ക്കായുള്ള അണ്ഡവിസര്‍ജനം നടക്കുക. ഈ ശാസ്ത്രീയ കാരണങ്ങളാലാണ് കൃത്യമായി മൂന്നുറ്ററുപത്തഞ്ച് ദിവസവും മുട്ടയിടുന്ന കോഴികളെ ഉരുത്തിരിച്ചെടുക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതെ പോകുന്നതും.
വളരെ യാദൃച്ഛികമായി മുട്ടയുടെ രൂപീകരണ വഴികളിലെ അസ്വാഭാവികത മൂലം അപസാമാന്യമായ മുട്ടകള്‍ രൂപപ്പെടാറുണ്ട്. അത്തരത്തിലെ ചില മുട്ടകള്‍ ഇവയൊക്കെയാണ്.
1. രണ്ട് മഞ്ഞക്കരുവുള്ള മുട്ടകള്‍
ഒരേ സമയത്ത് രണ്ട് അണ്ഡാ ണു പൂര്‍ണ വളര്‍ച്ചയെത്തി വിസര്‍ ജിക്കപ്പെടുന്നതുമൂലമാണ് ഇത്തരത്തിലുള്ള മുട്ടകള്‍ കാണപ്പെടുന്നത്. മുട്ടയിടല്‍ ആരംഭിക്കുന്ന കോഴികളില്‍ ഇവ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്.
2. മാംസ, രക്ത ബിന്ദുക്കള്‍ അടങ്ങിയ മുട്ട
അണ്ഡകോശത്തിലോ അണ്ഡവാഹിനിയിലോ സംഭവിക്കാവുന്ന മുറിവുകള്‍ മൂലം ഇത്തരം മുട്ടകള്‍ രൂപപ്പെടുന്നു. മഞ്ഞക്കരുവിന്റെ കവചത്തിലോ, വെള്ളയിലോ മാംസബിന്ദുക്കള്‍ കണ്ടെ ന്നു വരാം. കോഴിവസന്ത, ബ്രോ ങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കോഴികളില്‍ മാംസബിന്ദുക്കള്‍ കാണപ്പെടാനുള്ള സാ ധ്യത കൂടുതലാണ്. ജീവകം- കെ’ യുടെ കുറവുമൂലവും മുട്ടയില്‍ രക്തബിന്ദുക്കള്‍ കാണപ്പെടാറുണ്ട്
3. മൃദുവായ തോടോടു കൂടിയ മുട്ട
ഗര്‍ഭാശയത്തിനകത്തുള്ള ഷെല്‍ ഗ്രന്ഥികള്‍ സാധാരണ രീതിയില്‍ തോട് ഉത്പാദിപ്പിക്കാതിരുന്നാല്‍ ഇത്തരത്തില്‍ മൃദുവായ തോടോടുകൂടിയ മുട്ടകള്‍ ഉണ്ടാകാറുണ്ട്. ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ കുറവു മൂലവും അവയുടെ അനുപാതം ശരിയല്ലാതെ വരുമ്പോഴും ഇത്തരം മുട്ടകള്‍ ഉണ്ടാവുന്നു. ഇവയൊന്നുമല്ലാതെ തന്നെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഗര്‍ഭാശയത്തില്‍ നിശ്ചിത സമയം കിടക്കാതെ മുന്നോട്ട് നീങ്ങുന്ന മുട്ടകളും തോടില്ലാതെ പുറന്തള്ളപ്പെടുന്നു.
4. മഞ്ഞക്കരുവില്ലാത്ത മുട്ട
അണ്ഡാണുവിനു പകരം ചെറിയ രക്തക്കട്ടകള്‍ പോലുള്ള വസ്തുക്കള്‍ അണ്ഡാശയ വാഹിനിയിലൂടെ കടന്നു പോകുമ്പോള്‍ മുട്ടയുടെ മറ്റു ഭാഗങ്ങള്‍ രൂപപ്പെടുകയും ഒടുവില്‍ മഞ്ഞക്കരുവില്ലാതെ തന്നെ മുട്ട പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
5. മുട്ടയ്ക്കകത്തു മുട്ട
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മുട്ട രൂപംകൊള്ളുന്നതിനിടെ റിവേഴ്‌സ് പെരിസ്റ്റാള്‍സിസ് എന്ന പ്രതിഭാസം മൂലം (പെട്ടെന്നുള്ള ഭയം, വെപ്രാളം എന്നിവ മൂലവും സംഭവിക്കാം) മുട്ട അണ്ഡാശയ വാഹിനിയിലൂടെ വിപരീത ദശയിലേക്ക് കയറുകയും അതിനു മുകളിലായി പുതിയ മുട്ട രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം.
ദഹന-ജനനേന്ദ്രിയ വ്യൂഹങ്ങള്‍ക്കു പൊതുവായി ഒരു ബാഹ്യദ്വാരം മാത്രമേ കോഴികള്‍ക്കുള്ളു. അത്യപൂര്‍വമായി ബാഹ്യദ്വാരത്തിലൂടെ അകപ്പെടുന്ന ചെറിയ വസ്തുക്കള്‍, ഈച്ച എന്നിവ മേല്‍പറഞ്ഞ രീതിയില്‍ റിവേഴ്‌സ് പെരിസ്റ്റാള്‍സിസ് മൂലം അണ്ഡാശയ വാഹിനിയുടെ വിപരീത ദിശയില്‍ കയറുന്നു.
അതിന്‍മേല്‍ പുതിയ മുട്ട രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം മുട്ടകള്‍ പുഴുങ്ങിയശേഷം കഴിക്കാനായി മുറിക്കുമ്പോള്‍ മാത്രമാണ് ഇത്തരം അന്യപദാര്‍ഥങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പതിയുന്നത്. ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പുഴുങ്ങിയ മുട്ടയ്ക്കുള്ളിലെ പഴുതാര എന്ന വാര്‍ത്തയ്ക്കു പുറകിലെ ശാസ്ത്രവും ഇതാവാനേ തരമുള്ളൂ.
6. മുട്ടയ്ക്കകത്ത് വിര
ബാഹ്യദ്വാരത്തില്‍ നിന്നും വിര ചിലപ്പോള്‍ അണ്ഡവാഹിനിയ്ക്കകത്തു കടക്കുകയും രൂപം കൊണ്ടുവരുന്ന മുട്ടയ്ക്കകത്ത് അകപ്പെടുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയില്‍ അപൂര്‍വമായി വിരയുള്ള മുട്ടകള്‍ കാണപ്പെടാം.
7. മുട്ടയ്ക്കകത്ത് കാഷ്ഠം
ബാഹ്യദ്വാരത്തില്‍ നിന്നും കാഷ്ഠത്തിന്റെ അംശം അണ്ഡവാഹിനിയിലേക്ക് കടക്കുകയും റിവേഴ്‌സ് പെരിസ്റ്റാള്‍സിസ് മൂലം അണ്ഡവാഹനിയുടെ ആദ്യഭാഗത്തേക്കെത്തുകയും ചെയ്യുന്നു.
ഇവയ്ക്കുമേല്‍ മുട്ടയുടെ ഭാഗങ്ങള്‍ രൂപപ്പെട്ട് സ്വാഭാവിക രീതിയില്‍ പുറന്തള്ളപ്പെടുമ്പോള്‍ ലഭിക്കുന്ന മുട്ടപൊട്ടിച്ച് നോക്കുമ്പോള്‍ കാഷ്ടത്തിന്റെ അംശം കാണാം. എന്നാല്‍ ഇവയൊക്കെ തന്നെ അത്യപൂര്‍വമായി സംഭവിക്കുന്നതാണ്. അതിനാല്‍ പരിഭ്രാന്തരാകേണ്ട വിഷയമല്ല.
ഡോ. എസ്. ഹരികൃഷ്ണന്‍
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണൂത്തി, തൃശൂര്‍
9446443700