കോയന്പത്തൂർ: നാടൻമുട്ടയെന്ന പേരിൽ വില്പന ചെയ്യാൻ ശ്രമിച്ച 3900 ബ്രോയിലർ കോഴിമുട്ടകൾ ഭക്ഷ്യ സുരക്ഷാവകുപ്പ് ഓഫീസർ ഡോ. തമിഴ് സെൽവന്റെ നേതൃത്വത്തിൽ അധികൃതർ പിടികൂടി.
ജില്ലയിൽ വിവിധയിടങ്ങളിൽ നാടൻ കോഴിമുട്ടയെന്ന പേരിൽ ചായം പൂശിയ ബ്രോയ്ലർ കോഴിമുട്ട വില്ക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതർക്ക് ലഭിച്ച പരാതികളെ തുടർന്നായിരുന്നു പരിശോധന.
ഉക്കടം, ലോറിപേട്ട, മീൻ മാർക്കറ്റുകൾ, സിങ്കാനല്ലൂർ, ആർ.എസ്.പുരം, വടവള്ളി, എംജിആർ, അണ്ണാ മാർക്കറ്റ് എന്നിവിടങ്ങളിൽനടത്തിയ അന്വേഷണത്തിലാണ് പത്തോളം പേരിൽ നിന്നുമായി 3900 ചായം പൂശിയ മുട്ട പിടിച്ചെടുത്തത്.
ഈ മുട്ടകൾ അധികൃതരുടെ മുന്നിൽ നശിപ്പിച്ചു.മായം കലർന്ന ഭക്ഷ്യവസ്തുക്കളെപ്പറ്റിയുള്ള പരാതികൾ 94 440423 22 എന്ന വാട്സ് ആപ്പ് നന്പരിൽ നല്കാമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു.