കടുത്തുരുത്തി: ഗുണനിലവാരം കുറഞ്ഞ കോഴിമുട്ടകളുടെ വിൽപന നടക്കുന്നതായി പരാതി. കടുത്തുരുത്തി മങ്ങാട്ടുനിരപ്പേൽ പാലത്തിങ്കൽ സാബു വാങ്ങിയ മുട്ട പൊട്ടിച്ചപ്പോൾ ഉണ്ണിയുടെ നിറത്തിൽ വ്യത്യാസം കണ്ടെത്തി. പുഴുങ്ങിയ ശേഷം കഴിക്കുന്നതിനായി മുറിച്ചപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപെട്ടതെന്ന് സാബു പറഞ്ഞു.
ഉള്ളിൽ പ്ലാസ്റ്റിക്ക് പോലുള്ള പാട കണ്ടുവെന്നും പറയുന്നു. രുചി വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. കടുത്തുരുത്തിയിലെ കടയിൽ നിന്നാണ് മുട്ട വാങ്ങിയത്. മുന്പും സമാന അനുഭവങ്ങൾ ഇവിടുത്തുകാർക്ക് ഉണ്ടായിട്ടുള്ളതായും പറയുന്നു.
പലപ്പോഴും ഇത്തരത്തിലുള്ള മുട്ടകൾ പൊട്ടിക്കുന്പോൾ ദുർഗന്ധം ഉണ്ടെന്നും മുട്ടയുടെ വെള്ള വെന്ത് കഴിയുന്പോൾ പ്ലാസ്റ്റിക്ക് പോലെ ചുരുണ്ട് വരുന്നതായും ഇത്തരം മുട്ട ലഭിച്ചിട്ടുള്ളവർ പറയുന്നു. ഓംലെറ്റ് ഉണ്ടാക്കിയ മുട്ട കത്തിക്കുന്പോൾ പ്ലാസ്റ്റിക്ക് കത്തുന്പോളുണ്ടാകുന്നതുപോലുള്ള മണമാണെന്നും അനുഭവസ്ഥർ പറയുന്നു.