വലിയൊരു ഫ്രൈയിംഗ് പാന്‍ അതില്‍ ബുള്‍സ് ഐ ആകാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന രണ്ട് മുട്ട.
തൊട്ടടുത്ത് ഉപ്പു തിരുമി ഉണക്കിയെടുത്ത പന്നിയിറച്ചി ഫ്രൈ ചെയ്യാന്‍ വച്ചിരിക്കുന്നു. നമ്മുടെ വീട്ടിലെ ചെറിയ ഫ്രൈയിംഗ് പാനും അതില്‍ വച്ചിരിക്കുന്ന കുഞ്ഞു മുട്ടയെയും മനസില്‍ കണ്ടെങ്കില്‍ അതങ്ങു മായച്ചു കളഞ്ഞേക്കൂ.
ഈ ഫ്രൈയിംഗ് പാന്‍ ഒരു സ്കേറ്റ് പാര്‍ക്കാണ്. സ്കേറ്റ് പാര്‍ക്കോ എന്ന് അതിശയപ്പെടേണ്ട. ഭാവനയും ക്രിയേറ്റിവിറ്റിയും അങ്ങു വളര്‍ന്നാല്‍ ഇതല്ല ഇതിനപ്പുറം സംഭവിക്കും!
നാട്ടുകാര്‍ക്കു പ്രിയങ്കരം
വാഷിംഗ്ടണിലെ പിയേഴ്സ് കൗണ്ടിയിലുള്ള വില്കെസണില് സ്ഥിതിചെയ്യുന്ന സ്കേറ്റ്പാര്‍ക്ക് നാട്ടുകാര്‍ക്ക് ഇതോടെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു.
ഒരു ഇന്‍സ്റ്റലേഷന്റെ ഭാഗമായി ആര്‍ട്ടിസ്റ്റ് ജോണ്‍ ഹില്ഡിംഗ് ആണ് പബ്ലിക് സ്കേറ്റ്പാര്‍ക്ക് രൂപകല്ല്പന ചെയ്തത്.
3,600 ചതുരശ്രയടിയുള്ള ഫ്രൈയിംഗ് പാനിനു ചുറ്റുമുള്ള വളഞ്ഞ വശങ്ങള് മുറിച്ചാണ് പ്രവേശന കവാടം ഒരിക്കിയിരിക്കുന്നത്.
സ്കേറ്റ്പാര്‍ക്ക് നിര്‍മാണ സ്ഥാപനമായ ഗ്രിന്ഡ്ലൈനും ഹില്ഡിംഗിന്റെ മകന് എമിലും ചേര്‍ന്ന് 2020 ഡിസംബറില്‍ പാര്‍ക്കിന്റെ പണി ആരംഭിച്ചു.
ആദ്യകാല രൂപകല്‍പ്പനയില്‍ ഭീമാകാരമായ ഒരു ചട്ടുകം ഉള്‍പ്പെട്ടിരുന്നുവെങ്കിലും ചെലവ് കുറയ്ക്കുന്നതിനായി ഇത് ഒഴിവാക്കുകയായിരുന്നു.
ഇത്തിരി സാഹസം
പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കൊറിയര്‍ ഹെറാള്‍ഡിനോട് സംസാരിച്ച ജോണ്‍ പറഞ്ഞു: “ഈ വലുപ്പത്തിലുള്ളതോ വലിയതോ ആയ ആശയങ്ങള്‍ ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്.”
സിയാറ്റിലില്‍ വളര്‍ന്ന ജോണ്‍ 1966 ല്‍ കന്‍സാസ് സിറ്റി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ബിരുദം നേടി. 1968ല്‍ മേരിലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജ് ഓഫ് ആര്‍ട്സില്‍നിന്നു മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് നേടി.
പിന്നീട് അദ്ദേഹം സിയാറ്റിലില്‍ തിരിച്ചെത്തി, 40 അടി ഉയരമുള്ള പെന്‍സില്‍ ഉള്‍പ്പെടെ ദൈനംദിന ജീവിതത്തിലെ വിവിധ കലാസൃഷ്ടികള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.
സ്കേറ്റ്പാര്‍ക്ക് ഇതുവരെ തുറന്നു കൊടുത്തിട്ടില്ലെങ്കിലും ചിത്രങ്ങള്‍ റെഡ്ഡിറ്റില്‍ പങ്കിട്ടിരുന്നു. ഇതോടെ ഇതു കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ആശയങ്ങൾ ആളുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.