സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിമുട്ട വില സർവകാല റെക്കോർഡിലേക്ക്. മുന്‍പ് 4.60 വിലയുണ്ടായിരുന്ന മുട്ട ഒന്നിന് ശനിയാഴ്ച വിറ്റത് 6.50 രൂപയ്ക്ക്. ഗ്രാമപ്രദേശങ്ങളിൽ ഇത് 6.80- ഏഴ് രൂപവരെ എത്തി. ഇത് ആദ്യമായാണ് ഇത്രയും വിലയ്ക്ക് കോഴിമുട്ടവിൽക്കുന്നതെന്ന് കോഴിക്കോട് പാളയത്തെ വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്നിവയാണ് ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട വിപണി. ഇവിടെനിന്ന് കേരളത്തിലേക്ക് മുട്ട ലോഡുകളുടെ വരവ് കുറഞ്ഞതാണ് വില വർധനവിന് കാരണം. ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ കോഴി ഫാമുകളിൽ മുട്ട ഉത്പാദനം കുറഞ്ഞതിനെ തുടർന്ന് ദക്ഷിണേന്ത്യയിലെ മുട്ടവിപണിയിൽനിന്ന് ഡൽഹി, മുംബൈ, യുപി എന്നിവിടങ്ങളിലേക്ക് ലോഡുകൾ പോകുന്നതുമാണ് കേരളത്തിലേക്കുള്ള ലോഡ് വരവ് കുറയാൻ കാരണമെന്നാണ് പറയുന്നത്.
താറാവ്മുട്ടയുടെ വിലയിലും വൻ വർധനവുണ്ടായിട്ടുണ്ട്. രണ്ടാഴ്ചമുന്പ് എട്ട് രൂപയ്ക്ക് വിൽപ്പന നടന്നിരുന്ന മുട്ടയ്ക്ക് ഇപ്പോൾ 10 രൂപയിലെത്തി. പ്രധാന താറാവ്മുട്ട വിപണന കേന്ദ്രമായ ചെന്നൈയിൽ മാസങ്ങൾക്കുമുന്പുണ്ടായ വെള്ളപ്പൊക്കം ഉത്പാദനത്തെ ബാധിച്ചുവെന്ന് കച്ചവടക്കാർ പറയുന്നു. മുട്ട വില കൂടിയതോടെ ബേക്കറി സാധനങ്ങൾക്കും വില ഉയരുന്നുണ്ട്. ലെഗോണ്‍ കോഴിയിറച്ചിക്കും വിപണിയിൽ ക്ഷാമമുണ്ട്. ഫാമുകളിൽനിന്ന് ലെഗോണ്‍ കോഴികളെ ഇറച്ചിക്കായി നൽകുന്നില്ല.വിലക്കയറ്റം ചെറിയ മുട്ട വിപണിയെയും ബാധിച്ചു. ഇതോടെ സ്കൂളുകളിൽ വിദ്യാർഥികൾക്കുള്ള മുട്ട വിതരണത്തെ ബാധിക്കുമെന്ന ആശങ്കയുമേറി.