കെയ്റോ: ഈജിപ്തിന്റെ പരമോന്നത ബഹുമതി ഓർഡർ ഓഫ് നൈൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ-സിസി സമ്മാനിച്ചു.
സാമൂഹികപ്രവർത്തനത്തിന്റെ പേരിൽ രാഷ്ട്രതലവൻമാർക്കും രാജാക്കൻമാർക്കും ഉപരാഷ്ട്രപതിക്കും 1915 മുതലാണ് പുരസ്കാരം നൽകിവരുന്നത്.
പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 13-ാമത്തെ പരമോന്നത ബഹുമതിയാണിത്. സ്വർണത്തിൽ തീർത്ത കണ്ഠാഭരണമാണ് ഓർഡർ ഓഫ് ദ നൈൽ.
യുഎസ് സർക്കാരിന്റെ ലീജിയൺ മെറിസ്റ്റ്, ബഹറിന്റെ കിംഗ് ഹമ്മദ് ഓർഡർ, മാലദ്വീപിന്റെ നിശാൻ ഇസുദീൻ, റഷ്യയുടെ സെന്റ് ആൻഡ്രൂ അവാർഡ് എന്നിവയും മോദിക്കു ലഭിച്ചിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരെ സംസ്കരിച്ചിരിക്കുന്ന ഹിലോപോളിസ് കോമൺവെൽത്ത് വാർ സെമിത്തേരിയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.
പുഷ്പചക്രം ആർപ്പിച്ച പ്രധാനമന്ത്രി സന്ദർശക ഡയറിയിൽ കുറിപ്പ് എഴുതി. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വീരമൃത്യു വരിച്ച കോമൺവെൽത്ത് രാജ്യങ്ങളിലെ സൈനികർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.