താടി നീട്ടി വളര്‍ത്തുന്നതും ഇത്തരത്തില്‍ നീട്ടിവളര്‍ത്തിയ താടിയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നതും സാധാരണമാണ്. എന്നാല്‍ താടിയ്ക്ക് പകരം അതേസ്ഥാനത്ത് ഒരു തേനീച്ചക്കൂട് ഉറപ്പിച്ചാലോ? എന്തായിരിക്കും അവസ്ഥ? ഈജിപ്ത്കാരനായ മുഹമ്മദ് ഹാഗ്രസ് എന്ന 31 കാരന്റെ താടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. രോമങ്ങളല്ല, ഇയാളുടെ താടിയിലുള്ളത്. മറിച്ച്, തേനീച്ചക്കൂടാണ്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ ഈ രീതിയില്‍ താടി നീട്ടാറുണ്ട്്, തേനീച്ചകളെക്കൊണ്ടാണെന്ന് മാത്രം.
എന്‍ജിനീയര്‍ ആയിരുന്ന മുഹമ്മദ് ഇപ്പോള്‍ തേനീച്ച വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചിരിക്കുകയാണ്. തേനീച്ചകളെക്കുറിച്ച് ആളുകള്‍ക്കുള്ള അനാവശ്യ ഭയം മാറ്റിക്കൊടുക്കുക, തേനീച്ചകള്‍ നാം കരുതുന്നതുപോലെ ആക്രമകാരികളല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്തുക. തേനീച്ചകളെ ഉപയോഗിച്ചുള്ള ഈ സാഹസിക പ്രകടനം എന്തിനാണെന്ന് ചോദിച്ചാല്‍ ഈയൊരു ഉത്തരമേ മുഹമ്മദിനുള്ളു.
തേനീച്ച റാണിയുടെ ഹോര്‍മോണ്‍ ഒരു ചെറിയ ബോക്സിനുള്ളിലാക്കി അത് താടിയില്‍ കെട്ടിവച്ചാണ് തേനീച്ചകളെ താടിയിലേക്ക് ആകര്‍ഷിക്കുന്നത്. മനുഷ്യന് പല വിധത്തിലും ഉപകാരികളാണ് തേനീച്ചകളെന്നാണ് മുഹമ്മദിന്റെ അഭിപ്രായം. ചത്ത റാണിയുടെ ഹോര്‍മോണാണ് ബാക്കി തേനീച്ചകളെ ആകര്‍ഷിക്കാനായി ഉപയോഗിക്കാറ്. ഇത്തരത്തിലുള്ള മത്സരങ്ങളിലും മുഹമ്മദ് പങ്കെടുക്കാറുണ്ട്.