സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്കെതിരേ 13 കോടിയുടെ തട്ടിപ്പ് കേസ് നല്കിയ യുഎഇ പൗരന് ഹസന് ഇസ്മയില്‍ അബ്ദുള്ള അല്‍ മര്സൂഖിയ്ക്കു പിന്നാലെ കൂടുതല്‍ വ്യവസായികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. സൗദി അറേബ്യയില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് മുങ്ങിയ മൂന്നു പേരെ തേടിയെത്തിയ ഈജിപ്റ്റുകാരന്‍ എത്തിയതാണ് ഏറ്റവും പുതിയ സംഭവം.
സൗദിയിലെ അബുയാസിര്‍ എന്ന സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂര്‍ തൈക്കൂട്ടത്തില്‍ തെക്കേതില്‍ ഇര്‍ഷാദ്, ഇയാളുടെ പങ്കുകച്ചവടക്കാരായ തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീന് എന്നിവര്‍ ചേര്‍ന്ന് ഹസാമിന്റെ പക്കല്‍ നിന്നും ഇലക്ട്രോണിക്ക് സാധനങ്ങള്‍ വാങ്ങി.
വിലയായ 48, 87,313 രൂപ 2017 ഒക്ടോബറില്‍ തിരിച്ചു നല്‍കാമെന്ന് രേഖാമൂലം എഴുതി നല്കിയ ശേഷം കള്ള പാസ്പോട്ടില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പ്രതികളുടെ പാസ്പോര്‍ട്ടിന്റെ രേഖയും കോപ്പിയും തന്റെ പക്കലുണ്ടെന്ന് ഹസാം വ്യക്തമാക്കി. ഹസാമിന്റെ പക്കല്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ വിറ്റ ശേഷം പണവുമായി ഇരുവരും നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഇര്‍ഷാദിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലും ഷിബുവിന്റെ വീട്ടിലും നേരിട്ടെത്തി ഹസാം പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാമെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഈമാസം നാലിന് സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പരാതിക്കാരന് പണം കിട്ടുമെന്ന പ്രതീക്ഷയില്‍ കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയാണ്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇര്‍ഷാദിന്റെയും ഷിബുവിന്റെയും പേരില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.ഐയ്ക്ക് കേസ് കൈമാറി. പ്രതികള്‍ സ്റ്റേഷനില്‍ എത്തി പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.
പ്രതികള്‍ സ്റ്റേഷനില്‍ എത്തി പണം നല്‍കാമെന്ന് അറിയിച്ചിട്ടും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. അതേസമയം സിറാജുദ്ദീനും ഷിബുവിനും എതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നേരിട്ട് കോടതിയെ സമീപിക്കാനുമാണ് പോലീസ് ഹസാമിനോട് നിര്‍ദ്ദേശിച്ചത്.
പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹസാമിന്റെ സ്പോണ്സര്, അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ട് പെണ്മക്കളുടെയും പാസ്പോര്‍ട്ട് പിടിച്ചു വച്ചിരിക്കുകയാണ്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഹസാം സൗദിയില്‍ തിരികെ എത്തിയാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണുള്ളത്.
നാട്ടിലെത്തി സ്ഥലം വിറ്റ ശേഷം പണം തിരികെ നല്‍കാമെന്ന് ഹസാമിനോട് ഷിബു പറഞ്ഞിരുന്നെങ്കിലും ഇതൊക്കെ സഊദില്‍ നിന്നും കടക്കാനുള്ള മാര്‍ഗം മാത്രമായിരുന്നെന്നും ഹസാം പറയുന്നു. തട്ടിപ്പു നടത്തിയവര്‍ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്ക്ക് ഉണ്ടാക്കാനുള്ള അവസ്ഥ തനിക്കില്ലെന്നും ഹസാം പറഞ്ഞു.