കെയ്റോ: ലൈംഗികമായി രോഗികളെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തൂക്കി കൊല്ലാൻ വിധിച്ച് കോടതി. ഈജിപ്തിലാണ് സംഭവം. തന്റെ ക്ലിനിക്കിലെത്തിയ 93 രോഗികളെയാണ് ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കേസിൽ കോടതി വധശിക്ഷ വിധിക്കുന്നത്.
കെയ്റോയിലെ ശുബ്രയ്ക്ക് സമീപമുള്ള ക്ലിനിക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടർക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയതോടെയാണ് പീഡനങ്ങളുടെ കഥ പുറത്താവുന്നത്. ഡോക്ടർ ഗർഭച്ഛിദ്രം നടത്തുന്നതിന് പകരമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സ്ത്രീ ആരോപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലൈംഗിക ദുരുപയോഗം ക്ലിനിക്കിൽ നടത്തിയതിനുള്ള തെളിവ് കിട്ടി.
ക്ലിനിക്കിലെ നിരീക്ഷണ ദൃശ്യങ്ങളിൽ നിന്നാണ് ഡോക്ടർ 93 രോഗികളെ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചത്. ചിലർ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു.
എന്നാൽ സമ്മതിക്കാത്ത മറ്റുള്ളവരെ മരുന്ന് നൽകി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്വേഷണത്തിൽ ലൈംഗിക പീഡനത്തിന് പുറമേ ഡോക്ടർ രോഗികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് തെളിഞ്ഞു.