ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി.
മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിരുന്നു രാഷ്ട്രത്തലവന് വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്.
26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്.
അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായി ചര്‍ച്ചകള്‍ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍ ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര് സെമിട്രി എന്നിവ സന്ദര്‍ശിച്ചു.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍ സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍ സിസിയുടെ ഇന്ത്യാസന്ദര്‍ശനം.
ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര് സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു.
ഈജിപ്തിലും പലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.
കെയ്റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ മോദി ചുമരുകളിലും കവാടങ്ങളിലും ആലേഖനം ചെയ്ത കൊത്തുപണികള്‍ ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമുദായത്തിന്റെ സഹായത്തോടെയാണ് 13,560 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ആരാധനാലയം പുനര്‍നിര്‍മിച്ചത്.
ഈജിപ്ത്, സിറിയ, ടുണീഷ്യ ഉള്‍പ്പെടെയുള്ള മെഡിറ്ററേനിയന്‍-ആഫ്രിക്കന്‍ മേഖലയില്‍ ഭരണം നടത്തിയിരുന്ന ഫാത്തിമിഡ് വംശത്തിന്റെ പിന്തലമുറക്കാരാണ് ദാവൂദി ബൊഹ്റ.
1970 മുതല്‍ ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ദാവൂദി ബൊഹ്റയാണ്.
ഗുജറാത്തിലും ബൊഹ്റ സമുദായത്തിലുള്ളവര്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇവരുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് ഗുപ്തെ പറഞ്ഞു.