പയ്യോളി: പ്രവാസി കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടി യുടെ വാഹനം തീയിട്ട് നശിപ്പിച്ചു. 13 ലക്ഷം രൂപ വിലവരുന്ന ഐഷർ പിക്കപ്പ് ആണ് ഇന്നു പുലർച്ചെ രണ്ടിന് തീയിട്ടത്.രണ്ടുദിവസം മുമ്പ് വാങ്ങിയ വാഹനം ഇന്ന് രജിസ്ട്രേഷന് വേണ്ടി കൊണ്ടുപോകാനിരിക്കുകയായിരുന്നു.
തിക്കോടി മീത്തലെ പള്ളി-പള്ളിക്കര റോഡരികിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും വാഹനം പൂർണമായും കത്തി അമർന്നിരുന്നു. വിവരമറിഞ്ഞ് പയ്യോളി പോലീസും സ്ഥലത്തെത്തി.
മൈസൂരിൽനിന്ന് പച്ചക്കറി എത്തിക്കുന്നതിനുവേണ്ടി വാങ്ങിയ വണ്ടിയാണ് കത്തിച്ചത്. കമ്പോള വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി നൽകിയത് ശത്രുക്കളെ സമ്പാദിച്ചതായി നജീബ് തിക്കോടി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിവിരോധമാണ് കാരണമെന്നു കരുതുന്നതായി അദ്ദേഹം പറയുന്നു. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.