കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങിപോലീസ്. എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്.
ഇയാളുടെ യാത്രാ രേഖകളടക്കം പരിശോധിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്ന അധികൃതര്‍ പ്രതിക്ക് ഏതെങ്കിലും വീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കും.
ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ് ഇയാള്‍ എവിടെയായിരുന്നുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
പോലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരായുമെന്നാണു സൂചന. പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു പോലീസ്.
കൊച്ചി കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണു പ്രധാനമായും അന്വേഷണം നടത്തുന്നത്.