കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കസറ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്കു പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണു പോലീസ്. കേന്ദ്ര ഏജന്‍സികളും പോലീസിനൊപ്പം ചോദ്യം ചെയ്യുമെന്നാണു ലഭിക്കുന്ന വിവരങ്ങള്‍.
ഇവര്‍ പ്രാഥമിക വിവരങ്ങള്‍ നേരത്തേതന്നെ ശേഖരിച്ചിരുന്നതായാണു സൂചനകള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാകും പ്രതിയെ ചോദ്യം ചെയ്യുക.
വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണു കൊച്ചി സിറ്റി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കോല്ക്കത്തയില്നിന്നുമാണ് ഇയാള്‍ പിടിയിലായത്. വ്യാജേ രേഖ ചമച്ചതിനും പാസ്പോര്‍ട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്.