കൊച്ചി: വ്യാജ രേഖകള്‍ നല്കി അഫ്ഗാന് പൗരന് കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ ദേശീയ ഏജന്‍സികളും അന്വേഷിച്ചേക്കും.
എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം ഇതിനോടകംതന്നെ വിവരങ്ങള്‍ ആരാഞ്ഞതായാണു പുറത്തുവരുന്ന വിവരങ്ങള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണു വിവരം.
വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായയ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കോല്ക്കത്തയില്നിന്നുമാണ് ഇയാൾ പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ എത്തിച്ച ഈദ്ഗുള്നെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്‍ഐഎ ഉള്‍പ്പെടെയുള്ള ദേശിയ അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരാഞ്ഞതായാണു സൂചന. വ്യാജേ രേഖ ചമച്ചതിനും പാസ്പോര്‍ട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്.
ഇന്ത്യയിലെത്തിയത് മെഡിക്കല്‍ വിസയില്‍
ഈദ്ഗുല്ലിന്റെ പിതാവ് ഭറാത്ത് ഖാന് അഫ്ഗാന് പൗരനും അമ്മ ദലീറോ ബീഗമും അസം സ്വദേശിയുമാണ്. വിവാഹ ശേഷം നേപ്പാള്‍ വഴി അഫ്ഗാനിലേക്കു കുടിയേറുകയായിരുന്നു. ഈദ്ഗുള്‍ ജനിച്ചതും പഠിച്ചതും അഫ്ഗാനിലായിരുന്നു.
2018ല്‍ മെഡിക്കല്‍ വീസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
ഇവിടെ വിവിധ ജോലികള്‍ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാരോടൊപ്പം 2019 നവംബറില്‍ കൊച്ചിയിലെത്തുന്നത്. ഇയാളുടെ അമ്മാവന്മാര് ഏറെക്കാലമായി ഷിപ്യാര്ഡില് കരാര്‍ തൊഴിലെടുത്തിരുന്നു. ഇവര്‍ വഴിയാണ് ഈദ്ഗുള്‍ ഷിപ്യാര്ഡില് കയറിയത്.
ജോലിക്കായി വ്യാജ രേഖകളാണു ഹാജരാക്കിയിരുന്നത്. തേവരയിലെ വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.കഴിഞ്ഞ ജൂണ്‍ 26ന് ഈദ്ഗുളും അമ്മാവന്മാരുടം തമ്മില്‍ വഴക്ക് നടന്നിരുന്നു. പിന്നാലെ അമ്മാവന്മാര് ഈദ്ഗുള്‍ അഫ്ഗാന് പൗരനാണെന്നും വ്യാജരേഖ നല്‍കിയാണു ജോലി ചെയ്യുന്നതെന്നും ഷിപ്യാര്ഡിലെ സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തി.
ഇയാള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കടന്നു കളഞ്ഞെന്ന് മനസിലാക്കിയ അധികൃതര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.ജൂണ്‍ 28നാണ് കൊച്ചി ഷിപ്യാര്ഡ് എറണാകുളം സൗത്ത് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ഈദ്ഗുല്ലിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് എറണാകുളം അസി. കമ്മിഷണറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാള്‍ കോല്ക്കത്തയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
സബ് കോണ്ട്രാക്ടര് വഴിയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചതെന്നും ഇയാളുടെ യഥാര്‍ത്ഥ പേരും വിളിപ്പേരും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാന് പൗരനാണെന്ന് കണ്ടെത്തിയതെന്നുമാണു കൊച്ചിന് ഷിപ്പ്യാര്ഡ് നല്കുന്ന വിശദീകരണം.