കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ഇന്ന് ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ,
കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി തുടങ്ങിയവർ അറിയിച്ചു.
ത്യാഗത്തിന്റേയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം എന്ന് മുഖ്യമന്ത്രി ആശംസകൾ നേർന്നു.