ലഖ്നൗ: ജമ്മുകാഷ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പ് വീണ്ടും ഒരു എട്ടുവയസുകാരിക്കു കൂടി ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ബലാല്‍സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടത്.
ഇറ്റ സ്വദേശിയായ സോനു എന്ന പതിനെട്ടുകാരനാണ് പെണ്‍കുട്ടിയെ മാനഭംഗത്തിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.
ഇറ്റയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി. വധുവിന്റെ ബന്ധുകൂടിയായിരുന്നു പെണ്‍കുട്ടി. പുലര്‍ച്ചെ 1.30 ഓടെയാണ് ക്രൂരകൃത്യം നടന്നത്. വിവാഹ സത്കാരത്തിനിടെ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു.
ഇതിനിടെ കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ നിന്നും തട്ടിയെടുത്ത സോനു കുട്ടിയെ അടുത്തുള്ള നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുട്ടിയെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ കുട്ടിയുടെ മൃതദേഹത്തിന് സമീപം മദ്യപിച്ച് ലക്ക്കെട്ട് കിടക്കുകയായിരുന്നു സോനു.
ജമ്മു കശ്മീരിലെ കത്വവില്‍ എട്ടു വയസ്സുകാരി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു ശേഷം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഗുജറാത്തിലെ സൂറത്തില്‍ ഒരു ബാലിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.
ഹരിയാനയില്‍ ഇന്നലെ അഴുക്കുചാലില്‍ ഒരു ബാലികയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി ബാലികമാര്‍ മാനഭംഗത്തിനു ശേഷം കൊല്ലപ്പെടുമ്പോള്‍ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ട് എന്ന ചോദ്യം ഉയരുകയാണ്.