![](https://www.rashtradeepika.com/library/uploads/2020/02/premature-aging-350x150.png)
അകാല നര ഇപ്പോള്‍ സര്‍വ സാധാരണമാണെങ്കിലും അകാല വാര്‍ധക്യം എന്ന അവസ്ഥ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കൂടുതലും സിനിമകളിലാണ് നമ്മള് ഇത്തരം അവസ്ഥയിലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുള്ളത്. അന്ന സെയിക്ഡോന് എന്ന യുക്രൈനിയന്‍ പെണ്‍കുട്ടിയുടെ മരണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഇക്കാരണം കൊണ്ടാണ്.
വെറും എട്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് വാര്‍ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞത്. Hutchinson-Gilford progeria syndrome എന്ന അപൂര്‍വ ജനിതക രോഗമാണിത്. ജനിക്കുമ്പോള്‍ മുതല്‍ തന്നെ വാര്‍ധക്യാവസ്ഥ തുടങ്ങും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ലോകത്ത് ഇതുവരെ 160 പേര് ഇത്തരത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രെയ്നിലെ ഒരു സാധാരണ കുടുംബത്തില്‍ 2012 ലാണ് അന്നയുടെ ജനനം. ജനിച്ച് അധികം വൈകാതെതന്നെ ഈ അപൂര്‍വരോഗം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗമായതിനാല്‍തന്നെ ഏറെ ശ്രദ്ധിച്ച് സമയമെടുത്തായിരുന്നു പരിശോധനകള്‍ നടന്നിരുന്നത്. ഒരു വയസ്സ് ആകുന്നതിന് മുമ്പുതന്നെ അന്നയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി.
എട്ടു വയസ്സിനുള്ളില്‍ സ്ട്രോക്കുകള്‍ ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അന്നയ്ക്കു നേരിടേണ്ടി വന്നു. മരിക്കുമ്പോള്‍ വെറും എട്ടു കിലോ മാത്രമായിരുന്നു ഭാരം. അകാല വാര്ധക്യത്തെത്തുടര്ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലെത്തിയാണ് അന്ന മരിച്ചത്.