യുഎസിലെ വെസ്റ്റ് വെര്‍ജിനിയയില്‍ എട്ടുവയസ്സുകാരി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കേസ്.
മാതാപിതാക്കള്‍ പട്ടിണിക്കിട്ടതിനെത്തുടര്ന്നാണ് എട്ടുവയസ്സുകാരി തന്റെ ടെഡിബിയര്‍ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കു ചാടിയത്.
തുടര്‍ന്ന് അടുത്തുള്ള കടയില്‍ എത്തിയ കുട്ടി കടക്കാരനോട് ഭക്ഷണത്തിനായി യാചിക്കുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ റയാന് കെയ്ത്ത് ഹാര്‍ഡ് മാന്‍, എലിയോ ഹാര്ഡ്മാന് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ദിവസങ്ങളായി മാതാപിതാക്കള്‍ തനിക്കു ഭക്ഷണം നല്‍കാറില്ലെന്ന് പെണ്‍കുട്ടി കടയുടമയോട് പറഞ്ഞു. മാതാപിതാക്കള്‍ക്കു തന്നെ ആവശ്യമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
”ഈ ചെറിയ പെണ്‍കുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവള്‍ക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. എന്റെ അമ്മയ്ക്കും അച്ഛനും ഒരിക്കലും എന്നെ ആവശ്യമില്ല. നിങ്ങളെനിക്കു കഴിക്കാന്‍ എന്തെങ്കിലും തരുമോ എന്ന് അവള് ഞങ്ങളോട് ചോദിച്ചു.” കടയിലെ ജീവനക്കാരനായ കെല്ലി ഹട്ചിന്സണ് പറഞ്ഞു.
മൂന്നു ദിവസം മുന്‍പ് തന്റെ സഹോദരന് നല്കിയ സാന്ഡ്വിച്ചാണ് അവസാനം കഴിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
”എനിക്കും കുട്ടികളുണ്ട്. അവളുടെ അവസ്ഥകേട്ട് ഹൃദയം തകര്‍ന്നു. അതു പോലെയൊരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്.” കടയിലെ ജീവനക്കാരന് വ്യക്തമാക്കി.
കുട്ടിയുടെ അവസ്ഥ അറിഞ്ഞ കടയിലെ ജോലിക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മുകള്‍ നിലയിലെ മുറിയില്‍ തന്നെ ഭക്ഷണം നല്‍കാതെ മാതാപിതാക്കള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അതിനാലാണ് താഴേക്ക് ചാടിയതെന്നും പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.