പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല; അമ്മയെ ജയിലിലിടൂ! വിചിത്രമായ അപേക്ഷയുമായി പതിനെട്ടുകാരന്‍ പോലീസ് സ്‌റ്റേഷനില്‍, മൂവാറ്റുപുഴയില്‍ നടന്നത് രസകരമായ കാര്യങ്ങള്‍

boy

വിചിത്രമായൊരു അപേക്ഷയുമായിട്ടാണ് ആ പതിനെട്ടുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. തനിക്ക് സ്വസ്ഥമായി പ്രണയിക്കാന്‍ സാധിക്കുന്നില്ല. വിലങ്ങുതടിയായി നില്ക്കുന്നത് മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ തന്റെ പ്രണയത്തിനെ എതിര്‍ക്കുകയാണെന്നാണ് കാണിച്ച് പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതിയും നല്‍കി.

യുവാവിന്റെ വിചിത്ര ആവശ്യം ആദ്യം ചിരിച്ചുതള്ളിയെങ്കിലും പോലീസ് പുലിവാലു പിടിക്കുന്നതാണ് പിന്നീട് കണ്ടത്. നടപടിയെടുക്കാതെ പോകില്ലെന്ന് പയ്യന്‍ വാശിപിടിച്ചു. പോലീസ് മകനെ ഉപദേശിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ പയ്യന്‍ ഉറച്ചുനിന്നു. ഇതോടെ അമ്മയെ വിളിച്ചുവരുത്തി. അമ്മയുടെ മുന്നില്‍വച്ചും പയ്യന്‍ ആവശ്യം വീണ്ടും ഉന്നയിച്ചു. ഇതോടെ സഹികെട്ട പോലീസ് ഇയാള്‍ പ്രേമിക്കുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുവരുത്തി.

മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ സമ്മതം അറിയിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് പ്രണയിച്ചാല്‍ എന്ന വാദത്തില്‍ അവര്‍ നിന്നു. ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്. ഒടുവില്‍ പോലീസിന്റെ സ്വരം മാറിയപ്പോള്‍ ചെറുപ്പക്കാരന്‍ സ്ഥലം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ നഗരാതിര്‍ത്തിയില്‍ ജീവിക്കുന്ന പതിനെട്ടുകാരന്‍ ഒരു യുവജനസംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്.

Related posts