അങ്കമാലി: അമ്മയെ ആശുപത്രിയിൽ അഡ്മിറ്റാക്കാൻ അങ്കമാലി കളീക്കൽ മാത്യുവിന്റെ മകൻ യെംസി കെ. മാത്യു യാത്ര നേരത്തെയാക്കിയത് അന്ത്യയാത്രയായി.
മുഖത്ത് വേദനയായതിനാൽ കുറച്ചുനാളായി അമ്മ സെലിൻ ചികിത്സയിലായിരുന്നു. അമ്മയെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനായാണ് ഒരു ദിവസം നേരത്തെ ബംഗളൂരുവിൽനിന്നു പോന്നത്. വിധി ആ യാത്ര യെംസിയുടെ അവസാനയാത്രയാക്കി.
ബംഗളൂരു മൈൻഡ് ട്രീ കന്പനിയിൽ 12 വർഷമായി എൻജിനിയറായ യെംസി എല്ലാ ആഴ്ചയിലും വീട്ടിൽ വരാറുണ്ട്. സാധാരണ വെള്ളിയാഴ്ചകളിലാണ് നാട്ടിലേക്കുള്ള യാത്ര. ട്രെയിനിൽ പോരാറുണ്ടെങ്കിലും കൂടുതൽ യാത്രകളും ബസിലാണ്.
ഭാര്യ സീതു രാവിലെ ആറരയോടെ യെംസിയുടെ ഫോണിൽ വിളിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. ഒരു പോലീസുകാരനാണ് ഫോണെടുത്തത്. ബസ് അപകടത്തിൽ പെട്ടെന്നും യെംസിക്കു പരിക്കുണ്ടെന്നും പോലീസുകാരൻ അറിയിച്ചു.
യെംസിയുടെ പിതാവ് മാത്യുവും ബന്ധുക്കളും ചേർന്നു തമിഴ്നാട്ടിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടേകാൽ വയസുള്ള നീൽ യെംസിയുടെ ഏകമകളാണ്.
അങ്കമാലിയിൽ സണ്ണി സ്റ്റുഡിയോയുടെ ഉടമയായ മാത്യുവിന്റെ ഏക ആൺതരിയാണ് മരിച്ച എംസി. മാലി ബിസ്മി യെംസിയുടെ സഹോദരിയാണ്.