കൊച്ചി: കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന പപ്പടവട ഹോട്ടലില്‍നിന്നും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ടിപ്പര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍.
എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയ തൃപ്പൂണിത്തുറ സ്വദേശി രാജു (48), ഇടുക്കി സ്വദേശി ബിനോയ് ജോസഫ് (42)എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ഹോട്ടല്‍ നടത്തിപ്പുകാരി മീനു പോളിയുടെ പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പോലീസ് അറിയിച്ചു.
പരാതിക്കാരി 2015 മുതല്‍ കലൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് പപ്പടവട എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു.
2019ല്‍ എഗ്രിമെന്റ് കാലാവധി കഴിഞ്ഞതിനുശേഷം പരാതിക്കാരിയും കെട്ടിട ഉടമയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങുകയും പരാതിക്കാരി ഹോട്ടല്‍ അടച്ചിടുകയും ചെയ്തു.
തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് രാജുവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ സ്ഥലത്തെത്തി ഹോട്ടല്‍ പൊളിച്ച് അകത്തു കയറി മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവയും ടിപ്പര്‍ ലോറിയില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു.
ഒന്പതിനു പ്രതികള്‍ വീണ്ടും വന്നു സാധനങ്ങള്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും പ്രതികള്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ച സാധനങ്ങളും ലോറിയും സ്റ്റേഷനിലേക്കു കൊണ്ടു വരികയും ചെയ്തു.
തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. ഇന്‍സ്പെക്ടര്‍ സിബി ടോം, സബ് ഇന്‍സ്പെക്ടര്‍ വി.ബി. അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.