ചെങ്ങന്നൂർ: ശബരിമല ഇടത്താവളമായ ചെങ്ങന്നൂരിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന എസ്കലേറ്ററും ലിഫ്റ്റും നോക്കുകുത്തിയായി.
അന്താരാഷ്ട്ര നിലവാരം എന്നു കൊട്ടിഘോഷിച്ചു സ്ഥാപിച്ച ലിഫ്റ്റിന് അനക്കമില്ലാതായിട്ടു മാസങ്ങളായി.
പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർ ഇപ്പോൾ പ്രധാന കവാടത്തിൽ എത്താതെ പിൽഗ്രിം സെന്ററിലേക്കു പോകുന്ന റോഡുവഴി കയറി ആർപിഎഫിന്റെ ഗേറ്റ് കടന്നാണ് ഒന്നാം ഫ്ലാറ്റ്ഫോമിൽ എത്തുന്നത്.
എന്നാൽ, ട്രെയിൻ രണ്ടാം ഫ്ലാറ്റ്ഫോമിലാണ് വരുന്നതെങ്കിൽ പണിപാളി.
മുകളിലേക്കു മാത്രം പോകും
രണ്ടിലോ മുന്നിലോ എത്താൻ എസ്കലേറ്റർ ഉണ്ടെങ്കിലും അതു മുകളിലേക്കു മാത്രമേ പ്രവർത്തിക്കൂ. താഴേക്കു പോകാനുള്ള സംവിധാനമില്ല. ഇതു കാരണം ശാരീരിക പ്രശ്നമുള്ള യാത്രക്കാർ വലയുകയാണ്.
വീൽ ചെയറിന്റെ സഹായത്തോടെ ഇവർ ഒന്നാം ഫ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തുനിന്നു പാളം മുറിച്ചു കടന്നു വേണം പ്ലാറ്റ് ഫോം രണ്ടിലോ മുന്നിലോ എത്താൻ.
അന്താരാഷ് ട്ര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ എന്നവകാശപ്പെടുന്ന സ്റ്റേഷന്റെ അവസ്ഥയാണിത്.
ശബരിമല സീസണിൽ വിവിധ വകുപ്പുമേധാവികളെയും സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു ജനപ്രതിനിധികൾ അവലോകന യോഗങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ല എന്നതാണ് ആരോപണം.
ഇതിനു പുറമേ റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുടെ അവലോകന യോഗവും നടത്താറുണ്ട്. എല്ലാം ഫലത്തിലൊന്നു തന്നെയാണ്.
ചർച്ചകൾ പതിവായി നടക്കുന്നതല്ലാതെ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ പലതും ഇനിയും കിട്ടാക്കനിയാണ്.