വൈപ്പിൻ : നിർദ്ദിഷ്ട കൊല്ലം-കോട്ടപ്പുറം ജലപാത കടന്നു പോകുന്ന ചെറായി കായലിന്റെ ഭാഗത്ത് എക്കലടിഞ്ഞതിനെ തുടർന്നു മത്സ്യബന്ധനം നടത്താനാകാതെ മത്സ്യത്തൊഴിലാളികൾ. വേലിയിറക്ക സമയത്ത് വെള്ളം വറ്റുന്പോൾ കായലിന്റെ അടിത്തട്ട് പ്ലേ ഗ്രൗണ്ട് പോലെ ആകുന്നതാണ് ഇവിടത്തെ പതിവ്.
വെള്ളമില്ലാത്ത അവസ്ഥയിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വഞ്ചിയെല്ലാം എക്കലിൽ ഉറച്ചുപോകും. ചീനവലകളും നീട്ടുവലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനും വയ്യാതാകും.ചെറായി പാലത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലെ അവസ്ഥ ഇതാണ്. ഈ ഭാഗത്ത് കായലിനു വലിയ വീതിയില്ല. വീതിയേറിയ ഒരു കനാൽ കണക്കെയാണ് കായൽ സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ മധ്യഭാഗം മാത്രം ഡ്രഡ്ജ് ചെയ്താണ് ഇപ്പോൾ ജലപാതക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. വേലിയിറക്കങ്ങളിൽ ഈ ഭാഗത്ത് മാത്രമെ വെള്ളം ഉണ്ടാകൂ. വർഷങ്ങൾക്ക് മുന്പ് നടത്തിയതാണ് ഈ ഡ്രഡ്ജിംഗ്. ഇതാകട്ടെ ഇപ്പോൾ നികന്നു കിടക്കുകയാണെന്നാണ് ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നവർ പറയുന്നത്.