ആലുവ: യുവാക്കൾ സഞ്ചരിച്ച കാർ നാല് അടിയോളം വെള്ളക്കെട്ട് നിറഞ്ഞ റോഡിലേക്ക് മദ്യലഹരിയിൽ ഓടിച്ചിറക്കി. നഗരത്തോട് ചേർന്ന് എടയപ്പുറം ടൗൺഷിപ് റോഡിൽ എൽപിജി ഗ്യാസ് ഗോഡൗണിന് സമീപം വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം.
എടയപ്പുറം, ഏലൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു. പവർഹൗസ് ജംഗ്ഷനിൽ എസ്പി ഓഫീസിനോട് ചേർന്നുള്ള നേതാജി റോഡ് വഴി ടൗൺഷിപ് റോഡിലേക്കെത്തിയ സ്വിഫ്റ്റ് കാർ ആണ് മഴവെള്ളം കെട്ടിനിന്ന റോഡിലൂടെ മുന്നോട്ടെടുത്തത്.
50 മീറ്റർ ആയപ്പോഴേക്കും എൻജിന്റെ പ്രവർത്തനം നിലക്കുകയും കാർ പൂർണമായി വെള്ളത്തിലാകുകയും ചെയ്തു. ഇരുവശത്തും പാടം ആയതിനാൽ ആയതിനാൽ റോഡ് തിരിച്ചറിയാൻ ആകുമായിരുന്നില്ല.
സമീപത്തെ ഫ്ളാറ്റിൽ ഉണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടെ കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും ഒരുവിധം പുറത്തിറങ്ങിയിരുന്നു. കുറച്ചുദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നും അതിനാൽ റോഡ് വെള്ളത്തിൽ മുങ്ങിയത് അറിയില്ലായിരുന്നുവെന്നുമാണ് യുവാക്കൾ പോലീസിനോട് പറഞ്ഞത്. കാറിലുണ്ടായിരുന്നവരെ താക്കീത് ചെയ്ത് വിട്ടയച്ചതായി ആലുവ സിഐ രാജേഷ് കുമാർ പറഞ്ഞു. രാവിലെ നാട്ടുകാരെത്തിയാണ് കാർ കരയിലേക്ക് വലിച്ചു കയറ്റിയത്.