കാക്കനാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡ്രൈവറുടെ സൈഡിലെ ഡോർ തലയിൽ തട്ടി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആകാശ് എന്ന പന്ത്രണ്ടുകാരന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റ സംഭവത്തിൽ അപകടമുണ്ടായ സന്ദർഭം പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി. പരിക്കേറ്റ കുട്ടിയുടെ അതേ വയസും ഉയരവുമുള്ള മറ്റൊരു കുട്ടിയെ അപകടം പറ്റിയ സ്കൂട്ടറിൽ രണ്ടുപേരുടെ നടുവിൽ ഇരുത്തിയശേഷം അപകടമുണ്ടാക്കിയ ബസിന്റെ വാതിൽ പതുക്കെ തുറന്നായിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ 23ന് തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിലായിരുന്നു അപകടം നടന്നത്. കാക്കനാട് തൂതിയൂർ കണ്ണിച്ചിറ പ്രകാശന്റെ മകൻ ആകാശിനാണ് ഗുരുതര പരിക്കേറ്റത്. സ്കൂട്ടറിൽ അമ്മാവന്റെയും അമ്മായിയുടെയും നടുവിലിരുന്നു യാത്ര ചെയ്യുന്പോൾ കാക്കനാട്-പെരുന്പടപ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡോർ ആകാശിന്റെ തലയിൽ തട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടി വെന്റിലേറ്ററിലാണുള്ളത്.
ബസിന്റെ ഡോർ ഇളകി വീഴുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഡോർ അബദ്ധത്തിൽ തുറന്നു പോകുകയായിരുന്നുവെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് അപകടം പുനഃസൃഷ്ടിച്ചത്. ഡ്രൈവറുടെ അശ്രദ്ധ മൂലം ഡോറിന്റെ ലോക്ക് കൃത്യമായി വീഴാത്തതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അപകടസമയത്തു പുറകിൽ വരികയായിരുന്ന മറ്റൊരു കാർ ഡ്രൈവറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
ആർടിഒ കെ. മനോജ് കുമാറിന്റെ നിർദേശപ്രകാരം പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് തെളിവെടുപ്പ് നടത്തിയത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അശോക് കുമാർ ആർടിഒയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ബസ് ഉടമക്കെതിരേ കേസെടുത്ത തൃക്കാക്കര പോലീസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി ശരത്തിനെ (30) അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. ഡ്രൈവറോടു ജനുവരി മൂന്നിന് ആർടിഒ മുമ്പാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.