കടുത്തുരുത്തി: വാഹനതിരക്കേറിയ കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. അമിതവേഗവും അശ്രദ്ധയും മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗുമെല്ലാമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
മിനിറ്റുകള്‍ ലാഭിക്കാന്‍ വേണ്ടി പായുന്ന സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ പോലും മത്സരയോട്ടത്തിനിടെയിലും ഫോണില്‍ സംസാരിച്ചുക്കൊണ്ട് ബസ് ഓടിക്കുന്നത് പതിവ് കാഴ്ച്ചയാണ്.
ചരക്കു വാഹനങ്ങള്‍ ഓടിക്കുന്നവരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുമെല്ലാം ഫോണ്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നത് പതിവാണെന്നു യാത്രക്കാര്‍ പറയുന്നു.
നൂറുകണക്കിന് യാത്രക്കാരുടെ ജീവന് വച്ചാണ് ഇവരുടെ ഡ്രൈവിംഗെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്.
കാര്യമായ മുന്‍പരിചയമില്ലാതെ..
പലരും മദ്യലഹരിയിലാണ് വാഹനമോടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യബസുകള്‍ ഓടിക്കുന്ന പല ഡ്രൈവര്‍മാര്‍ക്കും വേണ്ടത്ര പരിചയമോ, പരിശീലനമോ ഇല്ലാത്തവരാണെന്നും പരാതിയുണ്ട്.
ലൈസന്‍സ് പോലുമില്ലാതെ സ്വകാര്യ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരും ഈ റൂട്ടില്‍ നിരവധിയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടാവുമ്പോള്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറുപ്പക്കാരെ ബസുകള്‍ ഓടിക്കാന്‍ ഏല്പിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
യാതൊരുവിധ ഗതാഗത നിയമങ്ങളും പാലിക്കാതെയാണ് ഇവരില്‍ പലരുടെയും ഡ്രൈവിംഗ്. അടുത്ത കാലത്ത് ഈ റോഡിലുണ്ടായ അപകടങ്ങള്‍ക്കെല്ലാം കാരണം ഇത്തരത്തിലുള്ള കാരണങ്ങളാണെന്ന് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.
ഈ റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവില്‍ മാത്രമാണ് റോഡിലെ പ്രശ്നം മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. ബുധനാഴ്ച്ച രാത്രിയിലും ഇവിടെ അപകടമുണ്ടായിരുന്നു.
എതിര്‍ദിശയില്‍ നിന്നും ഓവര്‍ടേക്ക് ചെയ്തെത്തിയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തലകുത്തനെ മറിഞ്ഞാണ് അപകടമുണ്ടായത്.
ബ്രേക്ക് ചെയ്തപ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പറയുന്നു. കോതനല്ലൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മദ്യലഹരിയിൽ
അടുത്തിടെ കുറുപ്പന്തറയ്ക്കു സമീപം കാറിടിച്ചു വൈദ്യൂതി പോസ്റ്റ് തകര്‍ന്ന അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പെടെ വാഹനത്തിലുണ്ടായിരുന്നവരെല്ലാം തന്നെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ നിയന്ത്രണം വിട്ട കാര്‍ എതിരെയെത്തിയ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദേശ മലയാളിയ്ക്കു ഗുരുതര പരിക്കേറ്റിരുന്നു.
ഈ അപകടത്തിലും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. വാഗണര്‍ കാര്‍ ഓടിച്ചിരുന്ന കുറുപ്പന്തറ കാക്കനാട്ട് വീട്ടില്‍ ജിമ്മി സേവ്യര്‍ (51) ന് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു.
ഇയാള്‍ തെള്ളകം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിന് മുന്നിലായി ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്.
കോതനല്ലൂരില്‍ നിന്നും ഭക്ഷണം വാങ്ങി കുറുപ്പന്തറയിലെ വീട്ടിലേക്കു പോവുകയായിരുന്നു ജിമ്മി ഓടിച്ചിരുന്ന വാഗണര്‍ കാര്‍ നിയന്ത്രണം വിട്ടു എതിരെവന്ന എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റ് കാറില്‍ ഇടിച്ചാണ് അപകടം.
വാഗണര്‍ കാറിന്റെ വരവ് കണ്ടു എറണാകുളം സ്വദേശി റോഡിന്റെ ഒരു വശത്തേക്ക് സ്വിഫ്റ്റ്് കാര്‍ ഒതുക്കി നിര്‍ത്തിയെങ്കിലും നിയന്ത്രണംവിട്ടെത്തിയ കാര്‍ സ്വിഫ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ ജിമ്മിയെ സമീപത്തുള്ള വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് കാറിനുള്ളില്‍ നിന്നും പുറത്തെടുത്തത്.
നിയമങ്ങള്‍ പാലിക്കാതെ
കടുത്തുരുത്തി ഐറ്റിസി കവലയില്‍ ഇറങ്ങുന്നതിനിടെ ബെല്ല് അടച്ചതിനെ തുടര്‍ന്ന് മുന്നോട്ടെടുത്ത ബസില്‍ നിന്നും റോഡിലേക്കു തെറിച്ചു വീണാണ് സെന്റ് മൈക്കിള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അപകടത്തില്‍പെട്ടത്.
കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപം ബസില്‍ കയറാനെത്തിയ കോതനല്ലൂര്‍ ഇമ്മാനുവേല്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാഥിനിയുടെ കാല്പാദത്തിലൂടെ ബസിന്റെ ടയര്‍ കയറിയാണ് അപകടമുണ്ടായത്.
ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം ആവശ്യം.