കളമശേരി: ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവിനോടു സ്റ്റിച്ചിടാനുള്ള നൂല്‍ മേടിച്ചു കൊണ്ടുവരാന്‍ നഴ്‌സ് ആവശ്യപ്പെട്ടെന്നു പരാതി. ആലുവ മുപ്പത്തടം സ്വദേശിയായ നാല്‍പ്പത്തിനാലുകാരനാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഈ ദുരനുഭവമുണ്ടായത്. ഇന്നലെ രാവിലെ ഏലൂര്‍ പാതാളത്തു നടന്ന ബൈക്കപകടത്തില്‍ താടിയെല്ലിനു പരിക്കേറ്റാണു യുവാവ് ആശുപത്രിയിലെത്തിയത്.
പാതാളത്തുതന്നെയുള്ള ഇഎസ്‌ഐ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിന്റെ മുഖത്ത് മൂന്നു സ്റ്റിച്ചിടേണ്ടതായി വന്നു. എന്നാല്‍ സ്റ്റിച്ചിടാനുളള നൂല്‍ ഇല്ലെന്നും പുറത്തുനിന്നു വാങ്ങണമെന്നും ഡ്യൂട്ടി നഴ്‌സ് നിര്‍ദേശിക്കുകയായിരുന്നു. പുറത്തെ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു നൂല്‍ വാങ്ങി നല്‍കിയശേഷമാണു സ്റ്റിച്ചിട്ടത്.
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിറിഞ്ച്, സ്റ്റിച്ചിംഗ് നൂല്‍, പഞ്ഞി തുടങ്ങിയവ ആവശ്യത്തിനു ലഭ്യമല്ലെന്നു നേരത്തെതന്നെ പരാതിയുണ്ട്. നഴ്‌സുമാര്‍ക്കു വേണ്ട ഗ്ലൗസ്, മാസ്ക് തുടങ്ങിയവയ്ക്കും ക്ഷാമമുണ്ട്.
പകര്‍ച്ചവ്യാധി വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സ്വന്തം പണം ഉപയോഗിച്ചാണു മാസ്ക് വാങ്ങുന്നത്. തെര്‍മോമീറ്ററും ആശുപത്രിയില്‍ ഉപയോഗിക്കുന്ന ടോര്‍ച്ചിലിടാനുള്ള ബാക്ടറിയും സ്വന്തംനിലയില്‍ വാങ്ങുകയാണത്രെ. എന്നാല്‍ പ്രശ്‌നം താത്ക്കാലികമാണെന്നും സാധനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
അതിനിടെ മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലില്‍ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കണമെന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യം അധികൃതര്‍ പരിഹരിച്ചു. ലേഡീസ് ഹോസ്റ്റലിനു ചുറ്റുമുള്ള കാട് ഇന്നലെ രാവിലെ വെട്ടിനീക്കി. കേടായ ബള്‍ബുകള്‍, ട്യൂബുകള്‍ എന്നിവ മാറ്റി പുതിയവ സ്ഥാപിച്ചു. ഗേറ്റിനു മുന്നില്‍ പുരുഷ സെക്യൂരിറ്റിയേയും നിയമിച്ചു.
കഴിഞ്ഞദിവസം ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എംബിബിഎസ് വിദ്യാര്‍ഥിനികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചിരുന്നു. തുടര്‍ച്ചയായി ഹോസ്റ്റലില്‍ കള്ളന്‍ കയറുന്നതായി പരാതിപ്പെട്ടാണു വിദ്യാര്‍ഥിനികള്‍ സമരം ചെയ്തത്.