മരട്: റോഡിലെ കുഴിയിൽ വീണു നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിൽപ്പെട്ടു സ്കൂട്ടർ യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി. അപകടത്തിൽ മരിച്ച ഇടുക്കി കുളമാവ് കൊച്ചുകരയിൽ ഉമേഷ് കുമാറിന്റെ ബന്ധുകൂടിയായ മരട് സ്വദേശി സുരേഷ് ബാബുവാണ് മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മരണം സംഭവിച്ച റോഡിലെ കുഴികൾ നികത്താത്തതിൽ വീഴ്ച വരുത്തിയ പൊതുമരാമത്തുവകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. റോഡിലെ അപകടക്കുഴികൾ ഉടൻ നികത്താൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് വൈറ്റില ജനത പുതിയ പാലത്തിനടുത്ത് റോഡിലെ കുഴിയിൽ വീണു നിയന്ത്രണംവിട്ട് ബസിനടിയലേക്കു തെറിച്ചുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചത്. സംഭവത്തിൽ സാങ്കേതിക കാരണങ്ങൾ നിരത്തി ന്യായീകരിക്കാനാണ് അധികൃതരുടെ ശ്രമം. പോലീസിന്റെ നീക്കവും ഈ വഴിക്കു തന്നെ.
കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളടക്കം പറയുന്നു. എന്നാൽ യഥാർഥ സംഭവം വഴിതിരിച്ചുവിട്ട് ഉത്തരവാദികളായവരെ രക്ഷിക്കാനാണ് നീക്കമെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. പരാതിയിൽ പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ സുരേഷ് ബാബു പറഞ്ഞു.