നെടുമ്പാശേരി: ബൈക്ക് മോഷ്ടിച്ച യുവാക്കളെ മണിക്കൂറുകള്‍ക്കകം പോലീസ് നാടകീയമായി പിടികൂടി. മോഷ്ടിച്ചുകൊണ്ടു പോകുന്നതിനിടെ തകരാറിലായ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിക്കുകയും സംഭവമറിഞ്ഞ പോലീസ് തകരാര്‍ പരിഹരിച്ച വര്‍ക്ക്ഷോപ്പ് ഉടമയാണെന്ന വ്യാജേനെ പ്രതികളെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വടക്കേക്കര സ്വദേശികളായ റിയാദും(19) പതിനേഴുകാരനായ കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്. കുന്നുകര നോര്‍ത്ത് കുത്തിയതോട് കിഴക്കെപ്പള്ളിക്ക് സമീപം വിതയത്തില്‍ ബ്രൈറ്റ് ജോയിയുടെ ആഡംബര ബൈക്കാണ് വ്യാഴാഴ്ച പുലര്‍ച്ച കാര്‍പോര്‍ച്ചില്‍ നിന്ന് വ്യാജ താക്കോല്‍ ഉപയോഗിച്ച് മോഷ്ടിച്ചത്. ഗേറ്റ് പൂട്ടാതിരുന്നതാണ് വിനയായത്.
ഇരുവരും ഒരു ബൈക്കിലാണ് മോഷ്ടിക്കാനെത്തിയത്. മോഷ്ടിച്ച ബൈക്കുമായി ഇരുവരും പറവൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ മോഷ്ടിച്ച ബൈക്കില്‍ ഇന്ധനം തീര്‍ന്നു. അതോടെ യന്ത്രത്തകരാറാണെന്ന് കരുതി ഫോണില്‍ വിളിച്ച് പൂശാരിപ്പടി ഭാഗത്തുള്ള വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ചു.
രാവിലെ ബൈക്ക് കാണാതായതോടെ ബ്രൈറ്റ് മാഞ്ഞാലി, പറവൂര്‍ ഭാഗത്തുള്ള സുഹൃത്തുക്കളെവിവരമറിയിക്കുകയും വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കൾ ചാലാക്ക കടുവക്കാവ് അമ്പലത്തിന് സമീപത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ മോഷ്ടിച്ച ബൈക്ക് ഓടിച്ചുകൊണ്ടു പോകുന്നത് കണ്ടു.
തുടർന്നു നടത്തിയ അന്വേഷണത്തില്‍ വര്‍ക്ക് ഷോപ്പിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. പറവൂര്‍ പോലീസിന്റെ സഹായത്തോടെ ചെങ്ങമനാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആര്. രഗീഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് നാടകീയമായി പ്രതികളെ പിടികൂടി.
പ്രാഥമികാന്വേഷണത്തില്‍ പ്രതികള്‍ക്കെതിരേ മറ്റ് കേസുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവൈനല്‍ ഹോമിലും റിയാദിനെ ആലുവ സബ് ജയിലിലും റിമാന്‍ഡ് ചെയ്തു.