തൃപ്പൂണിത്തുറ: നാടുനീളെ മഴക്കാലപൂർവ ശുചീകരണങ്ങൾ അരങ്ങു തകർക്കുമ്പോൾ രാജനഗരിയുടെ ഹൃദയഭാഗത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് പാഴ്ച്ചെടികളാൽ ചുറ്റപ്പെട്ട അവസ്ഥയിൽ.
സ്റ്റാച്ച്യു ജംഗ്ഷനടുത്ത് ലായം റോഡിൽ മുനിസിപ്പൽ ഓഫീസിന്റെ എതിർവശത്തുള്ള പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് വളപ്പിലാണ് പുല്ലും പാഴ്ച്ചെടികളും തിങ്ങി വളർന്നിരിക്കുന്നത്.
പാഴ് ചെടികൾ ഓഫീസിന്റെ ഒരു ഭാഗത്തുള്ള ജനലുകൾ മൂടിയിട്ടും ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല. വള്ളിപ്പടർപ്പുകളാണ് ഇതിൽ കൂടുതലും വളർന്ന് കയറിയിരിക്കുന്നത്.
മുനിസിപ്പാലിറ്റിയുടെയും മറ്റും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡരികിലെ പുല്ലും ചെടികളും വെട്ടിമാറ്റി വൃത്തിയാക്കിയിട്ടും പൊതുമരാമത്ത് ഓഫീസ് ജീവനക്കാർ ഇതൊന്നും അറിഞ്ഞമട്ടില്ല.