കൊച്ചി: പാലാരിവട്ടത്ത് ജല അഥോറിട്ടിയുടെ വാരിക്കുഴിയിൽ യുവാവിന്റെ ജീവൻ പൊലിയുകയും പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വരികയും ചെയ്തതോടെ കൊച്ചി നഗരത്തിലെ റോഡുകളുടെ മുഖംമിനുക്കൽ തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്ന് പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കുന്പോൾ കോർപറേഷൻ കീഴിലുള്ള റോഡുകളുടെ അവസ്ഥ എന്ന് ശരിയാകുമെന്ന് പറയാൻ കോർപറേഷൻ അധികൃതർക്ക് കഴിയുന്നില്ല.
ഫണ്ടിന്റെ അപര്യാപ്തതയും കുഴികളുടെ എണ്ണവും ആഴവും ദിവസവും വർധിക്കുന്നതും കോർപറേഷനു തിരിച്ചടിയാകുന്പോൾ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തത് ഇരുട്ടടിയാകുന്നു. മുൻ വർഷങ്ങളിലെ ഫണ്ട് ഇതുവരെയും ലഭിക്കാത്തതാണ് പുതിയ ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്നു കരാറുകാരെ പിന്നോട്ടു വലിക്കുന്നത്.
പിഡബ്ല്യുഡിക്കു കീഴിൽ നഗരത്തിലെ ബാനർജി റോഡ്, ഷണ്മുഖം റോഡ് ഉൾപ്പെടെയുള്ള റോഡുകളിലെ കുഴികൾ നേരത്തേ നികത്തിയിരുന്നു. ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലാണു വിഷയം ഗുരുതരമാക്കിയതെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് യുവാവ് മരിക്കാനിടയായ റോഡിലെ കുഴി നികത്തിയെങ്കിലും പിഡബ്ല്യുഡി ഇതുവരെയും ടാറിംഗ് നടത്തിയിട്ടില്ല.
ഉടൻ ടാറിംഗ് നടത്തുമെന്നാണ് ഇപ്പോഴും അധികൃതർ പറയുന്നത്. ഇതുൾപ്പെടെ ഏതാനും സ്ഥലത്തുകൂടി ടാറിംഗ് നടത്താനുണ്ട്. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നും പിഡബ്ല്യുഡി അധികൃതർ പറയുന്നു.
കോർപറേഷൻ പണികൾ തട്ടിക്കൂട്ടെന്ന്
നഗരത്തിലെ ഇടറോഡുകൾ ഭൂരിപക്ഷവും കോർപറേഷന് കീഴിലുള്ളതാണ്. പ്രധാന റോഡുകൾക്കു പുറമെ ഈ റോഡുകളും ടാറിംഗ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കുന്പോഴും നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്. ഇടറോഡുകളിൽ പലയിടത്തെയും ടാറിംഗ് ഗുണനിലവാരം കുറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. തകർന്നു തരിപ്പണമായി കിടന്ന തേവര റോഡിൽ പണികൾ പൂർത്തിയായെന്നും തമ്മനം-പുല്ലേപ്പടി റോഡിൽ ടാറിംഗ് പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്പോഴും തമ്മനം-പുല്ലേപ്പടി റോഡിൽ വാഹനയാത്ര ദുരിതമാണെന്നാണ് വാഹനയാത്രികർ പറയുന്നത്.
ഈ റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റാനുള്ള കെഎസ്ഇബിയുടെ കാലതാമസം ടാറിംഗിന്റെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കോർപറേഷൻ അധികൃതർ പറയുന്നത്. നിലവിൽ ഈ റോഡിന്റെ വിവിധ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പഴയ കലൂർ-കതൃക്കടവ് റോഡ് നേരത്തെ ടാറിംഗ് നടത്തിയതാണെങ്കിലും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വീണ്ടും തകർന്നു.
എറണാകുളം നോർത്തിനു സമീപം കലാഭവൻ റോഡിൽ ടാറിംഗ് നടത്തിയെങ്കിലും അടയ്ക്കാത്ത കുഴികൾ ഏറെയാണ്. ടാറിംഗിനായി ഒരോ മേഖല തിരിച്ച് കോർപറേഷൻ അനുവദിക്കുന്ന പണം അപര്യാപ്തമാണെന്നാണ് വാർഡ് കൗണ്സിലർമാരും നാട്ടുകാരും പറയുന്നു. ചിലയിടങ്ങളിൽ മഴയെത്തുടർന്നും ജല അഥോറിറ്റിയുടെ പണികളെത്തുടർന്നും ഉണ്ടായ കുഴികൾ ഇപ്പോഴും താൽകാലികമായി മൂടുന്നതിനാണ് അധികൃതൽ ശ്രമിക്കുന്നതെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.
ഇനി മുതൽ ശക്തമായ നടപടിയെന്ന്
ഇനി മുതൽ ശക്തമായ നടപടികൾ സ്വീകരിച്ചു മാത്രമേ ജല അഥോറിറ്റിക്ക് റോഡുകൾ വെട്ടിപ്പൊളിക്കാൻ അനുമതി നൽകുവെന്ന് കോർപറേഷൻ അധികൃതർ. നിലവിൽ അനുമതി വാങ്ങിയശേഷം കൃത്യമായ സമയത്ത് ടാറിംഗ് നടത്താതെ അലംഭാവം കാട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നതോടെ റോഡ് വെട്ടിപ്പൊളിക്കുന്നത് സംബന്ധിച്ച് പുതിയ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.