വൈപ്പിൻ: ചട്ടം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ചതിനു ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി കസ്റ്റഡിയിലെടുത്ത സ്റ്റാർ മരിയ എന്ന മത്സ്യബന്ധന ബോട്ടിനു 2.5 ലക്ഷം രൂപ പിഴ ചുമത്തി.
കഴിഞ്ഞ ദിവസം കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് കൊച്ചി അഴിമുഖത്ത് എത്തിയ മത്സ്യബന്ധന ബോട്ടിനെ ഫിഷറീസ് അസി. ഡയറക്ടർ ജോയ്സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.
ഗോതുരുത്ത് കല്ലറക്കൽ പൈലിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പരിശോധനയിൽ ബോട്ടിൽ നിന്നും 40 ബോക്സ് ചെറു മത്സ്യം കണ്ടെടുക്കുകയും ഉടമയുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ മറ്റു മത്സ്യങ്ങൾ ഫിഷറീസ്ജെട്ടിയിൽ വച്ച് പരസ്യമായി ലേലം ചെയ്തു 1,15,106 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു.