കാക്കനാട്: കൊല്ലപ്പെട്ട ബ്യൂട്ടി പാർലർ ജീവനക്കാരൻ വിജയ് ശ്രീധരന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ നടക്കും. സെക്കന്ദരാബാദിൽ നിന്നും വിജയ് ശ്രീധരന്റെ പിതാവ് ഉൾപ്പെടെ ബന്ധുക്കൾ ഇന്നലെ എത്തി.
ഇന്ന് ഇൻഫോ പാർക്ക് പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തും. ബ്യൂട്ടി പാർലർ ഉടമയേയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അതിനിടയിൽ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഐ.ഷാജുവിന്റെ നേതൃത്ത്വത്തിൽ പോലീസ് രണ്ട് സംഘമായി സെക്കന്ദരാബാദിലേക്കു പോയതായിട്ടാണ് അറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് കൊല നടന്നത്.
സെക്കന്ദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട വിജയ് ശ്രീധർ. ഇയാളുടെ നാട്ടുകാരനും സുഹൃത്തുമായ ചാണ്ഡി രുദ്ര യാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടത്തിയ ഉടനെ ഇയാൾ നാടുവിട്ടു. പ്രതിയെ കണ്ടെത്തുന്നതിനാണ് പോലീസ് സെക്കന്ദരാബാദിൽ എത്തിയിട്ടുള്ളത്. പ്രതിയുടെ ഫോൺ ഓഫാണ്.
ഇടച്ചിറയിൽ പുതുതായി തുടങ്ങിയ ബ്യൂട്ടി പാർലറിലെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു വിജയ് ശ്രീധർ. റ്റാറ്റു ആർട്ടിസ്റ്റായി ചാണ്ഡി രൂദ്രയെ ബ്യൂട്ടി പാർലറിൽ കൊണ്ടുവന്നത് വിജയ് ശ്രീധറാണ്. പത്ത് ദിവസമേ ആയിട്ടുള്ളു ഇയാൾ ജോലിക്കെതിയിട്ട്.
സംഭവം നടക്കുന്ന അന്ന് രാത്രി പത്തിന് സ്ഥാപനത്തിൽ നിന്നും ഇരുവരും സ്ഥാപന ഉടമയുടെ കാറിലാണ് തെങ്ങോടുള്ള വാടക വീട്ടിൽ എത്തിയത്. ഇരുവരും മദ്യ പിച്ച ശേഷം ഉണ്ടായ വാക്കുതർക്കമായിരിക്കാം കൊലപാതകത്തിലെത്തിയതെന്നാണ് പോലീസ് കരുതുന്നത്.