തൃപ്പൂണിത്തുറ: നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ നേരിട്ട് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത് 13 വാർഡുകളിൽ മാത്രം.
ബിജെപിയും ഘടകകക്ഷിയായ ബിഡിജെഎസും ചേർന്ന് താമര, മോതിരം ചിഹ്നങ്ങളിലായി 49 വാർഡുകളിലും മത്സരിക്കുമ്പോൾ ഇടത് വലത് മുന്നണികൾ സ്വതന്ത്രന്മാരെ കൂടുതലായി മത്സരിപ്പിക്കുകയാണ്.
ഇടതു സ്വതന്ത്രന്മാർ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് ഓട്ടോറിക്ഷ ചിഹ്നത്തിലും കാർ ചിഹ്നത്തിലുമാണ്. അനുവദിച്ച 13 ഓട്ടോറിക്ഷ ചിഹ്നങ്ങളിൽ 12 എണ്ണവും എൽഡിഎഫ് സ്വതന്ത്രരുടേതാണ്.
ഇതിൽ 42, 43, 44, 45 വാർഡുകൾ വനിതാ സംവരണമാണ്. ഈ നാല് വാർഡിലും ഇടത് സ്വതന്ത്രർ ഓട്ടോറിക്ഷയിൽ മത്സരിക്കുന്നു.
ഇവിടെയുള്ള മതിലുകൾ ഓട്ടോറിക്ഷകളാൽ നിറയുകയാണ്. കാർ ചിഹ്നവും കൂടുതൽ എടുത്തിരിക്കുന്നത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികളാണ്. ശംഖ് ചിഹ്നത്തിന് 12 ഉടമകൾ ഉണ്ട്.
ശംഖ് ചിഹ്നം കൂടുതലും യുഡിഎഫ് സ്വതന്ത്രരും മറ്റ് സ്വതന്ത്രന്മാരുമാണ് എടുത്തിരിക്കുന്നത്. മുന്നണികൾക്ക് ഭീഷണിയുയർത്തി 27, 28, വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ദമ്പതികളായ സത്യവ്രതനും ഷീല സത്യവ്രതനും സ്ലേറ്റ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇവരുടെ സ്ലേറ്റ് മറ്റ് പാർട്ടികൾക്ക് പാഠമാകുമോയെന്ന് കണ്ടറിയറണം. 44-ാം വാർഡിൽ വിമതയായി മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഇ.പി. രമണിക്കു പ്രഷർകുക്കർ ആണു ചിഹ്നം.
ബിജെപിയിൽനിന്നു തെറ്റിപ്പിരിഞ്ഞ് വി ഫോർ തൃപ്പൂണിത്തുറ ലേബലിൽ മത്സരിക്കുന്ന ഫുട്ബോൾ കോച്ച് കൂടിയായ എ.വി. ബൈജുവിന് ഫുട്ബോളാണ് ചിഹ്നം.
മൺകലത്തിൽ രണ്ടുപേരും അലമാര ചിഹ്നത്തിൽ ഒരാളും ആപ്പിളിൽ രണ്ടുപേരും മത്സരിക്കുന്നുണ്ട്. 39-ാം വാർഡിൽ കോൺഗ്രസ് സ്വതന്ത്രയുടെ ചിഹ്നം മഴുവാണ്.
എൻസിപി സ്ഥാനാർഥി നാഴികമണിയിലും മത്സരിക്കുന്നു. രണ്ടില ചിഹ്നത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ജോണി പുത്തൻപുരയ്ക്കൽ മത്സരിക്കുമ്പോൾ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ചെണ്ടയിലും മത്സരിക്കുന്നു.