കൊച്ചി: ശക്തമായ മഴയിൽ വിറങ്ങലിച്ച് ജില്ല. കിഴക്കൻ മേഖലയിൽ പല ഭാഗങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിതോടെ കൂടുതൽ ക്യാന്പുകൾ തുറന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് നിലനിൽക്കെ ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പിറവത്തും കടവന്ത്രയിലും ആലുവയിലും ഉൾപ്പെടെ പുതിയ മൂന്നു ക്യാന്പുകളാണു ഇന്നു തുറന്നിട്ടുള്ളത്. ഇതോടെ ഇതുവരെ ജില്ലയിൽ തുറന്ന ക്യാന്പുകളുടെ എണ്ണം 56 ആയി. മഴ കനത്താൽ വരും സമയങ്ങളിൽ കൂടുതൽ ക്യാന്പുകൾ തുറന്നേക്കും.
541 കുടുംബങ്ങളിലെ 1651 പേരെയാണു ഇതുവരെയായി ക്യാന്പുകളിലേക്കു മാറ്റിയത്. ക്യാന്പുകളിൽ അവശ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളനുസരിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങൾ ക്യാന്പുകളിലേക്കു മാറണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കെട്ടികിടക്കുകയാണ്. സ്റ്റാൻഡിനു പുറത്തുനിന്നുമാണു യാത്രികർ ബസിൽ കയറുന്നതും ഇറങ്ങുന്നതും. ഇടറോഡുകൾ ഉൾപ്പെടെ വെള്ളം കയറിയതിനാൽ വാഹന, കാൽനടയാത്ര ദുഷ്കരമായി. ബാനർജി റോഡിൽ വെള്ളം ഉയർന്നതിനാൽ സമീപത്തെ പെട്രോൾ പന്പുകൾ ഉൾപ്പെടെ അടച്ചിട്ടനിലയിലാണ്.
കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിനിടെ നഗരത്തിലെ കാനകളിലെയും കനാലുകളിലെയും തടസങ്ങളും കൈയ്യേറ്റങ്ങളും അടിയന്തിരമായി നീക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടറുടെ നടപടി. മൂവാറ്റുപുഴയാർ കര കവിഞ്ഞതോടെ മൂവാറ്റുപുഴ നഗരത്തിലെ ചില പ്രദേശങ്ങൾ ഇന്നു രാവിലെ വെള്ളത്തിനടിയിലായി.
ദിവസങ്ങളായി തുടരുന്ന മഴയിൽ കോതമംഗലം, ആലുവ, പറവൂർ, എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളിലുൾപ്പെടെ വെള്ളം കയറി. കോതമംഗലത്ത് വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കുട്ടന്പുഴ ടൗൺ, കൊടമുണ്ടപാലം, ജവഹർ കോളനി എന്നിവിടങ്ങളിലും വെള്ളം കയറി. വീടുകളിലേക്ക് വെള്ളമെത്തിയതിനെ തുടർന്ന് ആളുകളെ ക്യാന്പുകളിലേക്ക് മാറ്റി. കല്ലേലിമേടിൽ ഇന്നലെ ഉരുൾപ്പൊട്ടി റേഷൻ കടയടക്കം മൂന്ന് കടകളിലും പന്ത്രണ്ട് വീടുകളിലും വെള്ളം കയറിയിരുന്നു.
നേര്യമംഗലം സർക്കാർ കൃഷി ഫാമിൽ ഏക്കറ് കണക്കിന് കൃഷിയും വെള്ളത്തിനടിയിലായിരുന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് വെള്ളം കയറിയതോടെ ഇലാഹിയ നഗർ, കടാതി ആനിക്കാക്കുടി കോളനി പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗണ് യുപി സ്കൂളിലും, കടാതി എൻഎസ്എസ് ഹാളിലുമായി രണ്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലും വെള്ളം കയറി.
മൂവാറ്റുപുഴയിലെ ചെറുതും വലുതുമായ തോടുകളെല്ലാം തന്നെ കരകവിഞ്ഞാണ് ഒഴുകുന്നത്. മൂവാറ്റുപുഴയിൽ 400 കുടുംബങ്ങൾ വെള്ളത്തിൽ. പറവൂർ താലൂക്കിൽ താഴ്ന്ന പ്രദേശങ്ങളായ പുത്തൻവേലിക്കര, കുന്നുകര, ആലങ്ങാട്, കരിമാല്ലൂർ, ചേന്ദമംഗലം എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലുവയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശിവക്ഷേത്രം വെള്ളത്തിനടിയിലായി.
അങ്കമാലി-മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരത്തിൽ വെള്ളം നിറഞ്ഞു. നെടുന്പാശേരി, പാറക്കടവ് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. എളംകുളം വില്ലേജിൽ പി ആൻഡ് റ്റി കോളനിയിൽ ജലനിരപ്പ് ഉയർന്നതിനാൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ക്യാന്പുകൾ തുറന്ന് ഇവിടെനിന്നും ആളുകളെ അങ്ങോട്ടുമാറ്റി.